തമിഴ്നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്. ‘കരുകാക്കും നായകി’ എന്നാണ് ദേവിക്കു പ്രസിദ്ധി. ഗർഭിണികൾ സുഖപ്രസവമുണ്ടാകാനും, സന്താനങ്ങളില്ലാത്തവർ സന്താനലാഭത്തിനായും ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിനാൽ ഈ ശിവക്ഷേത്രം ഗർഭരക്ഷാംബികാ ക്ഷേത്രം എന്നപേരിലാണ് പ്രശസ്‌തമായിരിക്കുന്നത്.
ധാരാളം മുല്ലക്കൊടികൾ ക്ഷേത്ര പരിസരത്തുണ്ട്. അതിനാൽ ഇവിടെ ശ്രീപരമശിവൻ അറിയപ്പെടുന്നത് ശ്രീ മുല്ലവന നാഥൻ, ശ്രീ മാധവീവനേശ്വരൻ എന്നൊക്കെയാണ്. ക്ഷേത്രത്തിന് മുല്ലവനം, മാധവീവനം, കരുകാവൂർ,ഗർഭപുരി എന്നുമൊക്കെ പേരുകളുണ്ട്. ഉളി തൊടാതെ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ശ്രീപരമ ശിവനും, ശ്രീ അംബികയ്ക്കും പുറമേ ശ്രീ ഗണപതി, ശ്രീ സുബ്രഹ്മണ്യൻ, ശ്രീ ദുർഗ്ഗാദേവി, ശ്രീ ചണ്ഡികേശ്വരൻ, ശ്രീ നാൽവർ തുടങ്ങിയ ദേവിദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ഈശാന കോണിലായി ഒരു ലിംഗപ്രതിഷ്ഠയുമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് ശ്രീ ഗൗതമ മഹർഷിയാണെന്നാണ് വിശ്വാസം. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരമൂർത്തി നായനാർ തുടങ്ങിയവരുടെ തേവാരപ്പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ പാപനാശത്തിനടുത്താണ് തിരുകരുകാവൂർ ക്ഷേത്രം ശിവ പ്രതിഷ്ഠയുള്ളത്. ഈ സ്ഥലത്തുനിന്നും ഏകദേശം 3 കിലോമീറ്റർ അകലെയുള്ള പാപനാശത്താണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ . ഏറ്റവും അടുത്തുള്ള വിമാനത്താവളം ട്രിച്ചിയിലാണ് . കാവേരി നദിയുടെ കൈവഴിയായ വെട്ടാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമായ തിരുക്കരുഗാവൂരിലാണ് തിരുകരുകാവൂർ സ്ഥിതി ചെയ്യുന്നത് . ചെന്നൈയിൽ നിന്നും തമിഴ്‌നാടിൻ്റെ വടക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് കുംഭകോണത്തും അവിടെ നിന്ന് തിരുകരുകാവൂരിലും എത്തിച്ചേരാം. തമിഴ്‌നാടിൻ്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ തഞ്ചാവൂരിലും അവിടെ നിന്ന് തിരുകുകാവൂരിലും എത്തണം.