കടത്തനാടിന്റെ സാഹിത്യപ്പെരുമയ്ക്ക് പെരുമ്പറ മുഴങ്ങുകയായി……
കളരിയുടെ അങ്കച്ചുവടുകളാൽ അനീതിയെ ചെറുത്ത് തോൽപ്പിച്ച തച്ചോളി ഒതേനന്റേയും ഉണ്ണിയാർച്ചയുടേയും നാട്….
കടൽ കടന്നെത്തിയ പറങ്കിപ്പടയോട് ചങ്കൂറ്റം കൊണ്ട് പൊരുതിയ കുഞ്ഞാലി മരയ്ക്കാൻമാരുടെ കർമ്മഭൂമിക……
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരപ്പോരാളികൾക്കായി കാപ്പുവളകളഴിച്ചുകൊടുത്ത കൗമുദിയെന്ന കൊച്ചു പെൺകുട്ടിയുടെ ത്യാഗം കൊണ്ട് പുളകിതമായ നാട്…..
മാതൃത്വം തുളുമ്പുന്ന കവിതകൾ കൊണ്ട് നറുനിലാവ് പെയ്യിച്ച കടത്തനാട്ട് മാധവിയമ്മയുടെ നാട്…..
മീസാൻ കല്ലുകൾക്കിടയിലെ ചരിത്രവും വർത്തമാനവും ചൊല്ലി സ്മാരകശില തീർത്ത പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നാട്…..
എന്റെ വടകര വടകരയുടെ സാഹിത്യ സാംസ്കാരിക സമ്മേളനത്തിന് കേളികൊട്ടുണർന്നു കഴിഞ്ഞു.