അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കു ഹൈക്കോടതി നിർദേശം നൽകി. ഇതിനായി തദ്ദേശസ്‌ഥാപനങ്ങൾക്കു സ്ക്വാഡുകളെയും ഫീൽഡ് സ്റ്റാഫിനെയും നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നടപടി സ്വീകരിക്കുമ്പോൾ ഏതെങ്കിലും വിധേയനയുള്ള ഭീഷണികൾ ഉണ്ടായാൽ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
അനധികൃത ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കാൻ കോടതി നിർബന്ധിതമാകുമെന്നും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 11ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി. റോഡിന്റെ കൈവരികളിലാകെ ബോർഡുകളും കൊടികളുമാണ്. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല സിനിമയുടെയും മതസ്ഥാപനങ്ങളുടെയും പോസ്റ്ററുകളും നിയമം ലംഘിച്ച് സ്ഥാപിക്കുന്നുണ്ട്. ഉദ്യോഗസ്‌ഥർ രാഷ്ട്രീയ പാർട്ടികളെ ഭയക്കുകയാണ്. കൊടിയിൽ തൊട്ടാൽ ഉദ്യോഗസ്‌ഥർക്കു പണി കിട്ടുമെന്ന അവസ്ഥയാണ്.
ബോർഡ് വയ്ക്കുക എന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും ഓരോ ബോർഡും പരസ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലേയും വലിയ ബോർഡുകൾ അപകടസാഹചര്യത്തിലാണ് ഉള്ളത്. അപകടം ഉണ്ടായാൽ അഞ്ചോ പത്തോ ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. ബോർഡുകളുടെ വലിപ്പത്തിനനുസരിച്ച് പിഴ കൂട്ടുന്നതു പരിഗണിക്കണമെന്നും കോടതി പറഞ്ഞു.