ക്രിസ്മസ്, ന്യൂഇയർ അവധിയ്ക്ക് മലയാളികൾക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസിയുടെ നോൺ എസി സ്ലീപ്പർ ബസ് സർവീസ്. ക്രിസ്മസ് ന്യൂഇയർ അവധിക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകളിലും ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. മണ്ഡലകാലമായതിനാൽ അയ്യപ്പ ഭക്തരുടെ തിരക്കും ഉണ്ടാകും. ഇവയെല്ലാം കണക്കിലെടുത്ത് നിരവധി സ്പെഷ്യൽ സർവീസുകളും കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്ലീപ്പർ ബസ് സർവീസ് ഡിസംബർ ആറിന് വെള്ളിയാഴ്ച ആരംഭിക്കും. കോഴിക്കോട് ബെംഗളൂരു സ്ലീപ്പർ ബസ് സർവീസ് ശനിയാഴ്ച മുതലും ആരംഭിക്കും. മാനന്തവാടി വഴിയാണ് ബസ് സർവീസ്. നോൺ എസി ബസാണ് സർവീസിനൊരുങ്ങിയിരിക്കുന്നത്. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക.