കൊയിലാണ്ടി: നടേരി വലിയ മലയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിനുളള നടപടികളുമായി കൊയിലാണ്ടി നഗരസഭ. സര്‍ക്കാര്‍ സഹായത്തോടെ രണ്ട് കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുക. ശ്മശാനത്തിന് ജനുവരി ആദ്യവാരം തറക്കല്ലിടുമെന്നാണ് വിവരം. വലിയ മലയില്‍ നഗരസഭയുടെ കൈവശമുളള 50 സെന്റ് സ്ഥലത്താണ് പൊതു ശ്മശാനം നിര്‍മ്മിക്കാന്‍ പോകുന്നത്. ഇവിടുത്തേക്ക് റോഡ് ഉള്‍പ്പടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ 25 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
2023-24 വര്‍ഷത്തെ കൊയിലാണ്ടി നഗരസഭ ബജറ്റിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നാണ് വലിയ മലയില്‍ ആധുനിക ശ്മശാനം സ്ഥാപിക്കുമെന്നത്. പോയ വര്‍ഷത്തെ നഗരസഭ ബജറ്റുകളിലെല്ലാം പൊതു ശ്മശാനത്തിന് തുക വകയിരുത്തുമെങ്കിലും നടപ്പാകാതെ പോകുന്നത് വലിയ വിമര്‍ശനമായി ഉയര്‍ന്നിരുന്നു. കൊയിലാണ്ടി സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് പദവിയില്‍ നിന്ന് നഗരഭരണ സ്ഥാപനമായി കൊയിലാണ്ടി രൂപപ്പെട്ടിട്ട് 30 വര്‍ഷം പിന്നിടുകയാണ്. 1993ല്‍ നഗര ഭരണസ്ഥാപന പദവിയില്‍ എത്തിയെങ്കിലും ജനകീയ ഭരണസംവിധാനം പിറവി കൊണ്ടത് 1995 ലാണ്. മുന്‍സിപ്പാലിറ്റിയായി കൊയിലാണ്ടി മാറിയിട്ട് 30 വര്‍ഷം പിന്നിട്ടിട്ടും ശ്മശാനം ഇതുവരെ യാഥാര്‍ത്ഥ്യമാക്കാനായില്ല.
ശ്മശാനത്തിന് ആവശ്യമായ സ്ഥലം ലഭിക്കുന്നില്ലെന്ന കാരണത്താല്‍ കൊയിലാണ്ടി നഗരസഭ മൊബൈല്‍ വാതക ശ്മശാനം സ്ഥാപിക്കുമെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞുകേട്ടത്. മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ വാഹനം വീടുകളില്‍ എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി വിവിധ ബജറ്റുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ വകയിരുത്തിയിരുന്നു. പിന്നീട് കടലോരത്ത് വാതക ശ്മശാനം സ്ഥാപിക്കുമെന്നായി വാഗ്ദാനം. അതു നടക്കാതെ വന്നപ്പോഴാണ് നടേരി വലിയമലയില്‍ നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുമെന്ന് പറഞ്ഞത്. ഇതിനായി 2023-24 വര്‍ഷത്തെ നഗരസഭ ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു. ഇത് നടക്കാതെ വന്നപ്പോള്‍ 2023-24വര്‍ഷത്തെ ബജറ്റിലും പ്രഖ്യാപനം ആവര്‍ത്തിച്ചു. പുതിയ ബജറ്റിന്റെ കാലാവധി തീരാന്‍ ഇനി മൂന്നര മാസം മാത്രമേയുള്ളു. അതിനിടയിലാണ് നടേരി വലിയ മലയില്‍ ശ്മശാനം സ്ഥാപിക്കാനുളള ശ്രമം തിരക്കിട്ട് നടത്തുന്നത്.
മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ സ്വന്തമായി ഭൂമിയൊന്നുമില്ലാത്ത ഒട്ടെറെ പേര് കൊയിലാണ്ടി നഗരസഭയിലുണ്ട്. കൈവശമുളള രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് വീടും നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയുണ്ടാവില്ല. ഇത്തരം അവസരങ്ങളില്‍ ബന്ധുജനങ്ങള്‍ മരിച്ചാല്‍ അടക്കം ചെയ്യുക വളരെ പ്രയാസമാണ്. കൊയിലാണ്ടി നഗരസഭയില്‍ ഒട്ടെറെ വാര്‍ഡുകള്‍ കടലോര മേഖലയിലുണ്ട്. കടലോര വാസികള്‍ക്ക് മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഇപ്പോള്‍ കോഴിക്കോട്ടെ പൊതുശ്മശാനങ്ങളെ ആശ്രയിക്കണം. അവിടങ്ങളിലേക്ക് മൃതദേഹം എത്തിക്കാനും ബന്ധുജനങ്ങള്‍ക്ക് അനുഗമിക്കാനും വാഹനം വേണ്ടി വരുമ്പോള്‍, വലിയ സാമ്പത്തിക ചെലവ് വേണ്ടി വരുന്നു.