കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശ്രീമതി കാനത്തിൽ ജമീല എം.എൽ.എ യുടെ നേതൃത്വത്തിൽ Generation United (തലമുറകളുടെ സംവാദം ) എന്ന പേരിൽ മണ്ഡലത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ തലമുറകളുടെ സംവാദം സംഘടിപ്പിക്കുകയാണ്.
യുവതലമുറയിൽ ഭൂരിഭാഗവും കൂടുതൽ സമയവും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരാണ്. മുതിർന്ന പൗരൻമാരും പുതിയ തലമുറയും തമ്മിൽ ആശയവിനിമയത്തിൻ്റെ അദൃശ്യമായൊരു വിടവ് അറിയാതെ രൂപപ്പെടുകയാണ്. സംസ്കാരവും സാഹിത്യവും കലയുമൊക്കെ തലമുറയിൽ നിന്നും തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെടേണ്ടതുണ്ട്. പഴയ കളികൾ, പഴയ പാട്ടുകൾ, പഴയ വേഷവിധാനം, പഴയ ഗതാഗതം, നിർമാണ രീതികൾ, പട്ടണങ്ങളുടെ ഘടന, വാഹനങ്ങൾ, ഭാഷാ പ്രയോഗങ്ങൾ. കൗതുകത്തിനു വേണ്ടിയെങ്കിലും അവരുടെ ചിന്തയിലേക്ക് … ചർച്ചയിലേക്ക് കൊണ്ടുവരാൻ വേണ്ടി ആദ്യമായൊരു പരീക്ഷണത്തിന് കൊയിലാണ്ടി വേദിയാവുകയാണ്. ചിലപ്പോൾ കേരളത്തിനു തന്നെ ഇതൊരു മാതൃകയായി മാറാം.
നിയോജകമണ്ഡല തല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 3 ന് ചൊവ്വ കാലത്ത് 10.30 ന് നടക്കും. സംവാദം 3 മണിക്കൂർ നീണ്ടുനിൽക്കും. വിവിധ തീമുകൾ കേന്ദ്രീകരിച്ച് അഞ്ച് ഗ്രൂപ്പുകൾ പാനൽ ചർച്ച രൂപത്തിലാണ് പരിപാടി നടക്കുക. ഓരോ ഗ്രൂപ്പിലും അഞ്ച് മുതിർന്ന പൗരൻമാരും മോഡറേറ്റർ ആയി ഒരു വിദ്യാർത്ഥിയും പങ്കെടുക്കും. ആദ്യ പരിപാടിക്കു ശേഷം കൊയിലാണ്ടിയിലെ എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളും കേന്ദ്രീകരിച്ച് തലമുറകളുടെ സംവാദം നടക്കും. മണ്ഡലത്തിലെ യു.പി. വിദ്യാലയങ്ങളിലെ ഗണിത നിലവാരം മെച്ചപ്പെടുത്താൻ “മഞ്ചാടി ” എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. 30 യു.പി. വിദ്യാലയങ്ങളിലാണ് അത് നടക്കുന്നത്.
ഖാദർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാറുന്ന വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റി അവബോധം ഉണ്ടാക്കാൻ നിയോജക മണ്ഡലം തല വിദ്യാഭ്യാസ സെമിനാർ അടുത്ത മാസം സംഘടിപ്പിക്കും. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ്, ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡുകൾ, സംസ്ഥാന തല ഗണിതശിൽപശാല , എഡ്യുക്കേഷനൽ എക്സ്പൊ എന്നിവയും തുടർന്നുള്ള മാസങ്ങളിൽ നടക്കും
പത്ര സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ , നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ്, പ്രിൻസിപ്പാൾ എൻ.വി.പ്രദീപ്കുമാർ, മണ്ഡലം വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ എം.ജി. ബൽരാജ് എന്നിവർ പങ്കെടുത്തു.