കൊയിലാണ്ടി: അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സ്‌കൂള്‍ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു. ബാഹ്യശക്തികളുടെ പ്രേരണയില്‍ സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പ് നടത്താതെ നൂറ് കണക്കിന് രക്ഷിതാക്കളെ രണ്ടാം തവണയും മടക്കി അയച്ചതില്‍ യോഗം പ്രതിഷേധിച്ചു. ഒക്ടോബര്‍ 16 ന് നടന്ന ആദ്യ പി.ടി.എ ജനറല്‍ ബോഡി യോഗം പുതിയ കമ്മിറ്റി ഉണ്ടാക്കാതെ പിരിഞ്ഞിരുന്നു. നവംബര്‍ 28 ന് വീണ്ടും ജനറല്‍ ബോഡി വീണ്ടും വിളിച്ചു ചേര്‍ത്തെങ്കിലും കമ്മിറ്റി ഉണ്ടാക്കാന്‍ അനുവദിച്ചില്ല. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ വികസനത്തിന് അനിവാര്യമായ പി.ടി.എ തെരഞ്ഞെടുപ്പ് എന്തിനാണ് തടഞ്ഞുവെച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ.കെ ബാബു, നജീദ് ഊരള്ളൂര്‍, സുഹൈല്‍ നടേരി, ടി.കെ.സന്തോഷ് കുമാര്‍, ജലീല്‍ തറമലങ്ങാടി, അനില്‍കുമാര്‍ മാവട്ട് എന്നിവര്‍ സംസാരിച്ചു.
എന്നാല്‍ പി.ടി.എ തിരഞ്ഞെടുപ്പ് നടത്താനുളള സമാധാന അന്തരീക്ഷം ഇല്ലാത്തതിനാലാണ് മാറ്റിവേക്കേണ്ടി വന്നതെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എ.എം.രേഖ പറഞ്ഞു. പാനലില്‍ ഉള്‍പ്പെടാത്ത ഏതാനും രക്ഷിതാക്കള്‍ കൂടി തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഹയര്‍ സെക്കണ്ടറി റീജിണല്‍ ഡയരക്ടറേറ്റിന്റെ അനുമതിയോടെ വീണ്ടും യോഗം വിളിച്ചു കൂട്ടി പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.