ബാലുശ്ശേരി: കോക്കല്ലൂരിൽ നിന്നും എരമംഗലം കൊളത്തൂർ ഭാഗത്തേക്കുള്ള റോഡ് തകർന്നതിനാൽ പ്രദേശവാസികൾ യാത്രാ ദുരിതം അനുഭവിക്കുകയാണ്. കോക്കല്ലൂരിൽ നിന്നും എരമംഗലം വരേയുള്ള ഭാഗമാണ് തകർന്നിരിക്കുന്നത്. റോഡിൽ പലയിടങ്ങളിലായി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. എരമംഗലത്തെ ക്വാറികളിൽ നിന്നും കരിങ്കല്ലും എം സാന്റം പാറ ചില്ലികളുമായി ധാരാളം വലിയ ലോറികൾ ഈ റോഡിലൂടെ കടന്നുപോകുന്നതാണ് റോഡ് തകരാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇടയ്ക്കിടെ റോഡിൽ അറ്റകുറ്റ പണികൾ നടക്കാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ പൊട്ടി പൊളിഞ്ഞ് വലിയ കുഴികളായി മാറുകയാണ്. റോഡ് ഇടക്കിടെ തകരുന്നതിനാൽ ഈ റൂട്ടിൽ സർവ്വീസ് നടത്താൻ സ്വകാര്യ ബസ്സുകളും ഓട്ടോ തൊഴിലാളികളും മടിക്കുന്നുണ്ട്. മുത്തപ്പൻ തോട് വളവിലാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്തു തുടങ്ങുന്നതോടെ ചളിവെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ ചെറിയവാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും ചാടിയാത്രക്കാരുടെ നടുവൊടിയുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.