കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിതമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ എന്ന തലക്കെട്ടിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റ്.
സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ ..
എത്ര കരുതലാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ……!
സ്കൂളിൽനിന്ന് വരാൻ ഒരു മിനിറ്റ് താമസിച്ചാൽ ആശങ്കപ്പെടുന്നവർ …..
ഒരു ചെറിയ പനി വരുമ്പോഴേക്കും ഡോക്ടറെ കാണാൻ ഓടുന്നവർ ……
ക്ലാസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ സങ്കടപ്പെടുന്നവർ ….
പക്ഷേ അവർ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നത് സ്കൂളിലോ വീട്ടിലോ അല്ല മറിച്ച് അവരുടെ യാത്രകളിലാണ്.
എന്നാൽ അപകടം പതിയിരിക്കുന്ന, അവരുടെ ജീവിതം തന്നെ ദുരന്തപൂർണ്ണമായേക്കാവുന്ന യാത്രകളിൽ അവരുടെ സുരക്ഷക്കാവശ്യമായ മുൻകരുതലുകൾ എടുക്കാറുണ്ടോ…?
മേശപ്പുറത്തിരുന്ന മരുന്ന്, മാറിക്കഴിച്ച് കുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ അത് അശ്രദ്ധയെന്നും, അതേ കുട്ടി ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങി വാഹനം ഇടിച്ചാൽ അത് അപകടമെന്നും പറയുന്നത് ഇരട്ടത്താപ്പാണ്…!
അപകടങ്ങൾ സംഭവിക്കപ്പെടുകയാണെന്നും തനിക്ക് അതിൽ പങ്കില്ല എന്നുമുള്ള മൂഢമായ മനോഭാവം മാറ്റിയേ തീരൂ…
സ്റ്റിയറിങ്ങിന് ഇടയ്ക്ക് പിഞ്ചു കുഞ്ഞുങ്ങളെ മടിയിലിരുത്തി വാഹനം ഓടിക്കുമ്പോഴും, പെട്രോൾ ടാങ്കിന്റെ മുകളിൽ തുറന്ന പ്രതലത്തിൽ ഇരുത്തി വാഹനം പറപ്പിക്കുമ്പോഴും, സൺ റൂഫിലൂടെ തല പുറത്തേക്കിടുന്ന രീതിയിൽ കുട്ടികളെ നിർത്തി വാഹനം ഓടിക്കുമ്പോഴും താൻ ചെയ്യാൻ പോകുന്ന ആത്യന്തം അപകടം നിറഞ്ഞ പ്രവർത്തികളെ തിരിച്ചറിയേണ്ടതുണ്ട്.
ആദ്യ യാത്രകൾ മുതൽ ഹെൽമറ്റും സീറ്റ് ബെൽറ്റുമെല്ലാം ധരിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞിനെ ബോധ്യപ്പെടുത്തണം. സുരക്ഷ ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്നതല്ല അത് ഒരു ജീവിതക്രമമാണ് .
ഹെൽമെറ്റ് വയ്ക്കാത്ത ഒരു പിതാവിനും മക്കളോട് അത് ആവശ്യപ്പെടാൻ കഴിയില്ല. സുരക്ഷയുടെ കാര്യത്തിൽ താൻ തന്നെയാണ് മക്കൾക്ക് മാതൃകയാകേണ്ടതെന്ന തിരിച്ചറിവാണ് ഓരോ രക്ഷിതാക്കൾക്കും വേണ്ടത് ……
ഒഴിവാക്കാൻ പറ്റുന്ന ഒന്നും അപകടമല്ലെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്