സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താന്‍ ധനവകുപ്പ് നിര്‍ദേശം. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. പെന്‍ഷന്‍ വിതരണത്തില്‍ വ്യാപകക്രമക്കേടുകളെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ധനവകുപ്പിന്റെ നീക്കം. വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക.
നിശ്ചിത സമയ പരിധി വച്ച് അര്‍ഹതാമാനദണ്ഡങ്ങള്‍ വിലയിരുത്താനും ആലോചന ഉണ്ട്. വാര്‍ഡ് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കുന്നതോടെ അനര്‍ഹരായ ആളുകളെ വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോട്ടക്കലില്‍ ബിഎംഡബ്ല്യു കാറും ആഡംബര വസതിയുമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്.
തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചുനല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

