ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന് (കടുവ സഫാരിപാർക്ക്) വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്‌സാണ് 64 ലക്ഷം രൂപയ്ക്ക് ടെൻഡർ ഏറ്റെടുത്തത്. ആറുമാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കണം. ഡി.പി.ആർ. തയ്യാറാക്കാൻ ഈരംഗത്ത് പ്രാഗല്‌ഭ്യമുള്ള കൺസൽട്ടൻസിയെ നിശ്ചയിക്കണമെന്ന നിർദേശം പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ കെ.കെ. സുനിൽകുമാർ വനംവകുപ്പ് മേധാവിക്ക് സമർപ്പിച്ചിരുന്നതിനെ തുടർന്നാണ് ഇതിനുള്ള നടപടിയുണ്ടായത്.
മാനേജ്‌മെന്റ് പ്ലാൻ സമർപ്പിച്ചാൽ മാത്രമേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമാകൂ. വനംവകുപ്പ് പ്ലാന്റേഷൻ കോർപ്പറേഷന് നേരത്തേ ലീസിന് നൽകിയിരുന്ന സ്ഥലത്തിൽ 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് ആകെ കണ്ടെത്തിയത്. ഇതിൽ 50 ഹെക്ടർ സ്ഥലമാണ് നിർമാണപ്രവൃത്തികൾക്ക് ആവശ്യം വരികയുള്ളൂയെന്നാണ് നിഗമനം.
2009-ൽ പ്രഖ്യാപിച്ച മലബാർ വന്യജീവിസങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുന്നതാണ് സഫാരി പാർക്കിനായി കണ്ടെത്തിയ പ്രദേശം. ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമൂഴി ഡാം റിസർവോയറിലേക്ക് വെള്ളംകുടിക്കാനായി പോകുന്ന രണ്ട് സഞ്ചാരപഥങ്ങൾ പ്രദേശത്ത് ഉണ്ടെന്നും കരട് മാസ്റ്റർപ്ലാനിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത് തടസ്സപ്പെടുത്താതെ വേണം പദ്ധതി നിർവഹണമെന്നും അല്ലാത്തപക്ഷം കക്കയം, മുതുകാട് , പയ്യാനിക്കോട്ട ഭാഗങ്ങളിൽ മനുഷ്യ, വന്യമൃഗ സംഘർഷം വർധിക്കാൻ കാരണമായേക്കുമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക.