വിനോദയാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികളെ കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അനുഗമിച്ച കെയർടേക്കർമാരുമാണ് ഭക്ഷ്യ വിഷബാധയ്ക്ക് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ ചികിത്സ തേടി മെഡിക്കൽ കോളെജിൽ എത്തിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാർഡിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കൽ കോളെജിൽ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകി.
ആശുപത്രിയിലെ ഡോക്ടർമാരും ഹൗസ് സർജൻമാരും ജീവനക്കാരും രാത്രിയിലും സേവനനിരതരായി രംഗത്തുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.