വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2025 നോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച വോട്ടര്‍പട്ടിക നിരീക്ഷകന്‍ എസ് ഹരികിഷോര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും ഇലക്ടറല്‍ റോള്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഇലക്ടറല്‍ റോള്‍ ഓഫീസര്‍മാര്‍ക്ക് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ് ഹരികിഷോര്‍ നിര്‍ദ്ദേശം നല്‍കി. കരട് പട്ടികയുമായി ബന്ധപ്പെട്ട് പുതുതായി ലഭിച്ച തിരുത്തലുകള്‍, ചേര്‍ക്കലുകള്‍, ഒഴിവാക്കുകള്‍ തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പുതിയതായി 73 പോളിംഗ് സ്‌റ്റേഷനുകള്‍ നിലവില്‍ വന്നതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇതുപ്രകാരം ജില്ലയിലെ ആകെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2230ല്‍ നിന്ന് 2303 ആയി ഉയര്‍ന്നു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, വടകര ആര്‍ഡിഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ശീതള്‍ ജി മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഹിമ കെ, അനിതകുമാരി ഇ, പി പി ശാലിനി, നിസാം എം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി വി നിര്‍മലന്‍ (സിപിഐഎം), പി എം അബ്ദുല്‍ റഹ്‌മാന്‍ (ഐഎന്‍സി), കെ എം പോള്‍സണ്‍ (കേരള കോണ്‍ഗ്രസ് എം), ഒ പി അബ്ദുല്‍ റഹ്‌മാന്‍, എം കെ അബൂബക്കര്‍ ഹാജി (ഐഎന്‍എല്‍), പി ടി ആസാദ് (ജനതാദള്‍ എസ്), തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.