കേരനിരകള്‍ തലയെടുപ്പോടെ ചേര്‍ന്ന് നില്‍ക്കുന്ന പുഴയോര ഗ്രാമം, കണ്ടല്‍ച്ചെടികളുടെ പെരുങ്കാട്, പക്ഷികൂട്ടങ്ങളുടെ കലപില ശബ്ദം, സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന ചങ്ങാതി കൂട്ടങ്ങള്‍, വീശുവലയെറിഞ്ഞ് പുഴ മല്‍സ്യങ്ങള്‍ പിടിക്കുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍, പുഴ മുറിച്ചുളള നടപ്പാതയിലൂടെ കോട്ടക്കുന്നിലേക്കുളള യാത്ര. അതി മനോഹരമായ ഗ്രാമീണ കാഴ്ചകളാല്‍ സമ്പന്നമാണ് പുത്തഞ്ചേരിക്കെട്ട്. പുത്തഞ്ചേരി എന്ന ഗ്രാമത്തിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍മ്മയിലെത്തുക ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചുളള ദീപ്ത സ്മരണകളാണ്. ഗ്രാമ വഴികളിലൂടെ നടക്കുമ്പോള്‍ പുഴയോരത്തിന്റെ സൗന്ദര്യവും സ്വച്ഛന്തമായ ജലാശയവും, ഓളപ്പരപ്പിലെ ആമ്പല്‍പ്പൂക്കളും ആരെയും ആകര്‍ഷിക്കും.
കൂമുളളി വായനാശാല സ്റ്റോപ്പില്‍ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ തെളിമായാര്‍ന്ന ഈ ജലാശയം കാണാനാവും. വയനാട് പൂക്കോട് തടാകം പോലെ ഈ ജലാശയവും ഉപയോഗപ്പെടുത്തിയാല്‍ വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്വേകും. അതിനനുസരിച്ചുളള ഭാവനാ പൂര്‍ണ്ണമായ പദ്ധതിയാണ് ആവശ്യം .ഗിരീഷ് പുത്തഞ്ചേരിയുടെ നാടെന്ന ഖ്യാതിയോടൊപ്പം ടൂറിസം രംഗത്തും പുത്തഞ്ചേരിയ്ക്ക് പുതിയൊരു മാനമുണ്ടാക്കാന്‍ ഇതു കൊണ്ടാവും. പരന്നു കിടക്കുന്ന പുത്തഞ്ചേരിക്കെട്ടില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ്, പുഴയോരത്തെ കാഴ്ചകള്‍ കണ്ടുളള സഞ്ചാരത്തിനായി നടപ്പാതകള്‍, പ്രകൃതിദത്തമായ ഇരിപ്പിടങ്ങള്‍, പുഴ മല്‍സ്യങ്ങള്‍ ചൂണ്ടയിട്ട് പിടിക്കാനുളള സൗകര്യം, പരിസ്ഥിതി സൗഹൃദ സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ എന്നിവയെല്ലാം നടപ്പാക്കാം. ഇതൊടൊപ്പം മലയാളിക്ക് പ്രിയപ്പെട്ട ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷിന്റെ ഓര്‍മ്മയ്ക്കായി നല്ലൊരു സ്മാരകവും. പുത്തഞ്ചേരിയിലെ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തിയാല്‍ തന്നെ ടൂറിസം വികസനത്തിനുളള സ്ഥലം ലഭിക്കും.
പുത്തഞ്ചേരിയിലെ വിസ്തൃതമായ പുഴ കടന്നാല്‍ ചരിത്രമുറങ്ങുന്ന കോട്ടക്കുന്നാണ്. മൂന്ന് പാടും വെളളത്താല്‍ ചുറ്റപ്പെട്ട കുന്ന്. ഇവിടെ നിന്ന് നോക്കിയാല്‍ അങ്ങകലെ അറബിക്കടലും, കോഴിക്കോടിന്റെ നഗരകാഴ്ചകളും കാണാമെന്ന് പ്രദേശവാസികള്‍ പറയുന്നു. ചേരമാന്‍പെരുമാളുമായി ബന്ധപ്പെട്ട രാജവംശത്തിന്റെ ചരിത്രമാണ് കോട്ടക്കുന്നിന് പറയാനുളളത്. പേര് സൂചിപ്പിക്കുന്നത് പോലെ ശത്രുക്കളുടെ ആക്രമണം ചെറുക്കാനുളള കോട്ട പോലുളള സംവിധാനങ്ങളും,കിടങ്ങുകളുമെല്ലാം കോട്ടക്കുന്നില്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എയായിരിക്കെ ബാലുശ്ശേരി മണ്ഡലത്തിലെ ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്ഥലമാണ് പുത്തഞ്ചേരിക്കെട്ട്. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമില്ലാതെ പോയി.
പുത്തഞ്ചേരിക്കെട്ടിലേക്ക് എത്താന്‍
——————————-
കോഴിക്കോട് അത്തോളി ഉളളിയേരി റൂട്ടില്‍ കുമുളളി വായനാ ശാല സ്‌റ്റോപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താം. കൊയിലാണ്ടി -ഉളളിയേരി സംസ്ഥാന പാത വഴി കണയങ്കോട് കുട്ടോത്ത് ക്ഷേത്രം റോഡ് വഴിയും, ഒളളൂര് അങ്ങാടി വഴിയും ഇവിടെയെത്താം.