ജീവൻ രക്ഷാമരുന്നുകൾക്ക് അമ്പത് ശതമാനം വരെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ജനകീയ സമര പരിപാടികളുമായി രംഗത്തിറങ്ങാൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
മരുന്നു വില വർദ്ധിപ്പിച്ച തീരുമാനം ഉപേക്ഷിക്കുക, പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിക്കുക, മരുന്നുല്പാദനത്തിന്ന്അടിസ്ഥാന രാസവസ്തുക്കൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ പൊതുമേഖലയിൽ സ്ഥാപിക്കുക
പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഓൺലൈൻ മരുന്നു വ്യാപാരം നിർത്തലാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമരത്തിൻ്റെ ആദ്യ ഘട്ടമായി ഡിസംബർ പതിനെട്ടാം (18-12-24) തീയതി ഫാർമസിസ്റ്റുകളുടെ രാജ്ഭവൻ മാർച്ചും ധർണയും നടത്താൻ കോഴിക്കോട് നളന്ദയിൽ വെച്ചു ചേർന്ന ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു
കുത്തനെ വില വർദ്ധിപ്പിച്ച മരുന്നുകളിൽ ഭൂരിഭാഗവും നിർമാണചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സയായി ഉപയോഗിക്കുന്നവയുമാണ് .
ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്.
വില വർധിപ്പിച്ച മരുന്നുകളിൽ സാൽബുട്ടമോൾ (ആസ്തമയ്ക്ക് ഉപയോഗിക്കുന്നത്), കുത്തിവയ്പ്പിനുള്ള സ്ട്രെപ്റ്റോമൈസിൻ പൗഡർ (ക്ഷയരോഗത്തിന് ഉപയോഗിക്കുന്നു), ലിഥിയം (ബൈപോളാർ ഡിസോർഡർ), പിലോകാർപൈൻ ഐ ഡ്രോപ്പുകൾ (ഗ്ലോക്കോമയ്ക്ക്) , ബെൻസിൽ പെൻസിലിൻ , സെഫാഡ്രോക്‌സിൽ ആന്റിബയോട്ടിക്കുകഎൽ) എന്നിവ ഉൾപ്പെടുന്നു. ഇവയുടെ വില നിലവിലുള്ള പരിധിയുടെ 50% വർദ്ധിപ്പിച്ചു.
സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായി മാറാൻ ഇടയുള്ള ഔഷധ വിലവർധന ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം. യോഹന്നാൻക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സിക്രട്ടറി സി. ബാലകൃഷ്ണൻ സമരരേഖ അവതരിപ്പിച്ചു. ശ്രീമതി ഷിജി ജേക്കബ്, കെ.പി. ഗോപകുമാർ, എ അജിത്ത് കുമാർ, ബിജുലാൽ പി.എൻ,ടി.സതീശൻ, നവീൻലാൽ പാടിക്കുന്ന് എന്നിവർ സംസാരിച്ചു.