താമരശ്ശേരി കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമ്പായത്തോടിൽ സ്വകാര്യ കോളേജിന് സമീപത്തെ തോട്ടത്തിലും പാതയോരങ്ങളിലുമായി കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയും അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുമായാണ് കുരങ്ങുകളുടെ മൃതദേഹം കണ്ടത്. അഞ്ചോളം കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയതായാണ് നാട്ടുകാർ നൽകുന്ന വിവരം. പ്രദേശവാസികൾ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കെ.ടി.സീന വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് ഞായറാഴ്ച പരിശോധന നടത്തി. രണ്ട് കുരങ്ങുകളുടെ ജഡം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതായി താമരശ്ശേരി ആർ.എഫ്.ഒ പി.വിമൽ, ആർ.ആർ.ടി എസ്.എഫ്.ഒ ഇ.പ്രജീഷ് എന്നിവർ അറിയിച്ചു.
അതേസമയം പ്രദേശത്ത് കുരങ്ങുകൾ വീണ്ടും ചത്തെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ, വനംവകുപ്പ് ദ്രുതകർമ്മസേനാംഗങ്ങൾ, പുതുപ്പാടി ഫോറസ്റ്റ് സെക്ഷനിലെ വനപാലകർ എന്നിവർ ചേർന്ന് ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്ന് കുരങ്ങുകളുടെ ജഢങ്ങളൊന്നും കണ്ടെത്തിയില്ല.
ഞായറാഴ്ച അമ്പായത്തോട് മേഖലയിൽ നിന്ന് കണ്ടെടുത്ത കുരങ്ങുകളുടെ ജഡം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹപരിശോധനയിൽ അണുബാധയാണ് മരണകാരണമെന്ന് പ്രാഥമികമായി കണ്ടെത്തിയതായും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട തരത്തിൽ മറ്റ് പകർച്ചപ്പനി സാഹചര്യം നിലവിലില്ലെന്നും ഡോ.അരുൺ സത്യൻ അറിയിച്ചു. കുരങ്ങുകളുടെ ആന്തരികാവയവങ്ങൾ വിശദപരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. പ്രദേശത്ത് ഇനിയും കുരങ്ങുകൾ കൂട്ടത്തോടെ ചാവുന്ന സാഹചര്യമുണ്ടായാൽ അവയുടെ സാമ്പിളുകൾ ശേഖരിച്ച് അനലറ്റിക്കൽ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും.