പൂക്കാട്: ചേമഞ്ചേരിയിലെ പൊതുശ്മശാനം അടഞ്ഞു കിടക്കുന്നത് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനെത്തുന്നവര്‍ക്ക് പ്രയാസമാകുന്നു. ആറ് മാസത്തിലധികമായി ശ്മശാനം അറ്റകുറ്റപണിക്കായി അടഞ്ഞു കിടക്കുന്നതു കാരണം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത് ബന്ധുക്കള്‍ക്ക് ഇരട്ടി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. പുകക്കുഴലിലെ തകരാറും ചൂളയിലെ പുക കടത്തി വിടുന്ന ഫില്‍ട്രേഷനിലെ തകരാറും പരിഹരിക്കാനാണ് ശ്മശാനം അടച്ചിട്ടത്.
മൂന്ന് ലക്ഷം രൂപയോളം ചെലവഴിച്ച് ശ്മശാനത്തില്‍ അറ്റകുറ്റ പണി നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു. തിരുവങ്ങൂരിലെ ഒരു സഹകരണ സംഘം ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതായും ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത് പരിധിയിലെ ആളുകളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ 4000 രൂപയും പഞ്ചായത്തിന് പുറത്തു നിന്നുള്ളവരില്‍ നിന്ന് 4500 രൂപയുമാണ് ഈടാക്കുന്നത്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കാപ്പാട് കടലോരത്ത് 1.10 കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് ശ്മശാനം നിര്‍മ്മിച്ചത്. വിശ്രാന്തിയെന്നാണ് ശ്മശാനത്തിന് പേരിട്ടത്. ശ്മശാനം നിര്‍മ്മിക്കാന്‍ കെ.ദാസന്‍ എം.എല്‍.എയായിരുന്ന സമയത്ത് 42 ലക്ഷവും ജില്ലാ പഞ്ചായത്ത് 40 ലക്ഷവുമായിരുന്നു നല്‍കിയിരുന്നത്.
മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക അഞ്ച് എച്ച്.പി ബോയിലര്‍ കറക്കി പ്രത്യേക ജല സംഭരണിയിലൂടെ കടത്തി വിട്ട് ശുചീകരിക്കും. ഈ പുക 30 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച പുക കുഴലിലൂടെ കടത്തി വിടുകയായിരുന്നു ചെയ്തിരുന്നത്. ഈ പുകകുഴലിനാണ് തകരാര്‍ സംഭവിച്ചിരുന്നത്. മൃതദേഹം കത്തിക്കുമ്പോള്‍ ദുര്‍ഗന്ധമോ മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളോ ഇവിടെ ഇല്ലായിരുന്നു. കോവിഡ് കാലത്ത് ധാരാളം മൃതദേഹങ്ങള്‍ ഇവിടെ സംസ്‌ക്കരിച്ചിരുന്നു. കോളനികളിലും കടലോര മേഖലയിലും താമസിക്കുന്നവര്‍ക്ക് മൃതദേഹം സംസ്‌ക്കരിക്കുവാന്‍ വലിയ പ്രയാസം അനുഭവപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാപ്പാട് തീരത്ത് ഹൈടെക് ശ്മശാനം നിര്‍മ്മിച്ചത്. ശ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ചേമഞ്ചേരി മണ്ഡലം ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ പറഞ്ഞു.