കോഴിക്കോട് : വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രചാരണങ്ങളെ നാം കരുതിയിരിക്കണമെന്ന് സംവിധായകനും മുൻ എം.എൽഎയുമായ പി.ടി.കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു.
ദേശീയ മാനവികവേദി സംസ്ഥാന കൺവൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര വാദിയായിരിക്കുക എന്നതാണ് ഇന്നൊരു ഇന്ത്യക്കാരനെ സംബന്ധിച്ച് ഏറ്റവും ശ്രേഷ്ഠമായ കാര്യം എന്നും സ്ത്രീകൾ പൊതുവേ മതേതര സംസ്കാരത്തിൽ വിശ്വസിക്കുന്നവരായതു കൊണ്ടാണ് കേരളത്തിൽ മതയഥാസ്ഥികതാവാദം വേരു പിടിക്കാതെ പോയത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദേശീയ മാനവിക വേദി ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്ന സൂഫി സംഗീതയാത്രയുടെ കൂടി വെളിച്ചത്തിൽ സൂഫിസത്തിൻ്റെ ചരിത്രപ്രസക്തിയെപ്പറ്റിയും വർത്തമാനകാലത്ത് വർഗീയ ഫാസിസത്തിനെതിരെയുള്ള ഇത്തരമൊരു മൂവ്മെൻ്റിന് അത് എത്രമാത്രം ആശയ വൃക്തത നൽകുമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദമാക്കി. ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി. സൂഫി സംഗീത പരിപാടി അവതരിപ്പിക്കുന്ന ചാർയാർ ഗ്രൂപ്പിനെ ഹരിദാസ് കൊളത്തൂർ പരിചയപ്പെടുത്തി.
കെ. അജിത, പി.കെ പാറക്കടവ്, ഹസ്സൻ തിക്കോടി ,എം.എ ജോൺസൺ, അഷ്റഫ് കുരുവട്ടൂർ
എന്നിവർ സംസാരിച്ചു. കെ.പി ലക്ഷമണൻ സ്വാഗതവും എ.എസ്. സുരേഷ് നന്ദിയും പറഞ്ഞു.








