വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. ഇതിനൊപ്പം ഹോം വോട്ടിംഗിൽ പോൾ ചെയ്ത വോട്ടുകളുമെണ്ണും.
മിനിറ്റുകൾക്കകം ആദ്യ ഫലസൂചനകൾ പുറത്ത് വരും. 11.30ഓടെ തെളിയുന്ന ലീഡ് നില മണ്ഡലങ്ങളിൽ ആരാവും വിജയിക്കുകയെന്ന സൂചനകളും നൽകും.
മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ചേലക്കര നിലനിർത്തുമെന്നും, പാലക്കാട് മുന്നേറ്റമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി കൃഷ്ണകുമാർ വിജയം നേടുമെന്നാണ് ബി ജെ പിയുടെ വാദം.


