കുട്ടികളുടെ മനസ്സിനിണങ്ങുന്ന നാടകവുമായി പുതിയങ്ങാടി ഗവ. യുപി സ്കൂൾ. തീരദേശത്തെ സ്കൂൾ എന്നതുകൊണ്ട് തന്നെ ഏറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് നാടകരംഗത്തും മറ്റ് കലാപ്രവർത്തനങ്ങളിലും പുതിയങ്ങാടി ഗവ :യുപി സ്കൂൾ സജീവമാകു ന്നത്. “തേങ്ങ ഒരു സാർവ്വദേശീയ ദേശീയ ഉത്പന്നമാണ്’ എന്ന നാടകമാണ് കഴിഞ്ഞ വർഷം സബ്ജില്ലയിൽ അവതരിപ്പിച്ചത്. എ ഗ്രേഡ് ലഭിച്ച ഈ നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ചേവായൂർ സബ് ജില്ലയിൽകുട്ടികൾ ‘ദ റീൽ’ എന്ന നാടകം അവതരിപ്പിച്ചു. എല്ലാവരും ഒന്നാണെന്നും ഒന്നില്ലെങ്കിൽ ഒന്നുമില്ലെന്നുമുള്ള സന്ദേശമാണ് നാടകം ആവിഷ്കരിച്ചത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയെ അടിസ്ഥാനമാക്കി ഓരോ റീലുകളായി അവതരിപ്പിച്ചുകൊണ്ട് ഈ നാടകം വർത്തമാനകാലവുമായി സംവദിക്കുന്നു. ചേവായൂർ സബ് ജില്ലാ കലോത്സവത്തിൽ സെക്കൻഡും എ ഗ്രേഡും നാടകം നേടി. പ്രധാനാധ്യാപകൻ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികൾ നാടകം കളിക്കാൻ ഒരുങ്ങിയത്. പ്രശസ്ത നാടക പ്രവർത്തകൻ ഡോ. വി എൻ സന്തോഷ് കുമാറിന്റെ സംവിധാനവും ഇത്തരം നാടകങ്ങൾക്ക് മികവേകി. കലോത്സവങ്ങളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഓരോ കുട്ടിക്കും സാധ്യമായത് അധ്യാപിക അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രോത്സാഹനം കൊണ്ട് മാത്രമാണെന്ന് പി. ടി. എ പ്രസിഡണ്ട് നവാസ് പറഞ്ഞു.