സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. മേഖലയിൽ ജോലി ചെയ്യുന്ന പതിനേഴായിരത്തിലധികം തൊഴിലാളികൾക്ക് മൂന്ന് മാസമായി ശമ്പളവും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല.
വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന, പാവപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളാണ് ഈ ദുരിതത്തിന്റെ ഇരകൾ. ദിവസേന 600 രൂപയ്ക്ക് ജോലി ചെയ്യുന്ന ഇവർക്ക് ഇനിയും നൽകാനുള്ളത് അറുപത്തിയൊന്ന് കോടിയിലധികം രൂപയാണ്. ആകെ അധികമായി നൽകുന്നത് ഫെസ്റ്റിവൽ അലവൻസായ 2000 രൂപയാണ്. എന്നാൽ ഇത്തവണ ഓണത്തിന് അതുപോലും നൽകിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജോലിക്ക് വരുന്ന ദിവസം മാത്രമേ ശമ്പളമുള്ളൂ എന്നതിനാൽ എല്ലാ ദിവസവും ഇവർക്ക് പണം ലഭിക്കുന്നുമില്ല. അതിനിടയിലാണ് കുടിശ്ശികയും.
ശമ്പളം ലഭിക്കാത്തതോടെ കുടുംബംപട്ടിണിയിലാണെന്ന് പാചക തൊഴിലാളികൾ പറയുന്നു. കുട്ടികൾ കുറവാണെന്നാണ് ന്യായം പറയുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് തങ്ങൾക്കറിയാം ശമ്പളം കിട്ടാതെ ഇനി പിടിച്ചുനിൽകാനാകില്ലെന്നും തൊഴിലാളികൾ പറയുന്നു.