തേങ്ങ ഉത്പാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിക്കുന്നു. രണ്ടുദിവസമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് തേങ്ങയ്ക്ക്, കിലോയ്ക്ക് 48.50 രൂപ. വലിയ തേങ്ങയാണെങ്കിൽ ഒരു തേങ്ങയ്ക്ക് 29 രൂപ കിട്ടും. ചെറുതാണെങ്കിലും 16 രൂപയിൽ കുറയില്ല. തേങ്ങ വാങ്ങുമ്പോൾ ചില്ലറവിൽപ്പന വില കിലോയ്ക്ക് 60 രൂപവരെയാണ്. എന്നിട്ടും പച്ചത്തേങ്ങ വിപണിയിലെത്തുന്നത് നാലിലൊന്നായി കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്പാദനം കുറവായിരിക്കും.
ഉത്പാദനക്കുറവും ശബരിമലയിലേക്കുള്ള ആവശ്യവുമാണ് തേങ്ങ വില ഉയരാൻ കാരണം. ഉത്പാദനം കുറഞ്ഞെങ്കിലും തേങ്ങയുടെ ആവശ്യത്തിൽ കുറവില്ല. പ്രധാന നാളികേര ഉത്പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെല്ലാം ഉത്പാദനം കുറവാണ്. ശബരിമല സീസൺ തുടങ്ങിയതോടെ നാളികേരത്തിന് ആവശ്യവും കൂടി. ഒരു അയ്യപ്പഭക്തൻ നെയ്ത്തേങ്ങ ഉൾപ്പെടെ ഒൻപത് തേങ്ങവരെ ഉപയോഗിക്കും.
ജനുവരിവരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. അപ്പോഴേക്കും ശബരിമലയിൽ നിന്നുള്ള കൊപ്ര വിപണിയിൽ ഇറങ്ങും. സാധാരണഗതിയിൽ ഈ സമയത്ത് വില കുറയാനാണ് സാധ്യത. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നാഫെഡ് സംഭരിച്ച കൊപ്ര വിപണിയിൽ വലിയതോതിൽ വിറ്റുതുടങ്ങിയതും ജനുവരിമുതലായിരുന്നു. ഇത്തവണ നാഫെഡ് സംഭരിച്ച കൊപ്രയിൽ ഭൂരിഭാഗവും വിറ്റഴിച്ചതിനാലും ജൂലായ് മുതൽ സംഭരണം ഇല്ലാത്തതിനാലും ആ പേടിയും വേണ്ട. അതിനാൽ വിളവെടുപ്പ് സീസൺ തുടങ്ങുംവരെ വില ഉയർ ന്നുനിൽക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
തേങ്ങയ്ക്ക് വില ഉയർന്നതോടെ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. 210 രൂപമുതൽ 240 രൂപവരെയാണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില. അരച്ച തേങ്ങയുടെ വിലയും കൂടി. രണ്ടുമാസം മുൻപുവരെ ഒരു കിലോ അരച്ച തേങ്ങയ്ക്ക് 130-140 രൂപയുണ്ടായിരുന്നത് ഇപ്പോൾ 160-170 രൂപവരെയാണ്. വറുത്തരച്ച തേങ്ങയ്ക്ക് 450 രൂ പയാണ് വില. ഈ കേന്ദ്രങ്ങൾക്കും ആവശ്യത്തിന് തേങ്ങ കിട്ടുന്നില്ല. വടകരയിൽ മുൻപ് നാല് ടൺ പച്ചത്തേങ്ങവരെ ഒരുദിവസം വിൽപ്പനയ്ക്കു വന്നിരുന്നു. ഇപ്പോൾ ഒരു ടൺ കഷ്ടിയാണ്.