തീവണ്ടി തട്ടിയുളള അപകടങ്ങൾ തുടരുന്ന നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പു ശേഖരണം നടത്തുന്നു. .നവംബര്‍ 13ന് ബുധനാഴ്ച നാല് മണിക്ക് നന്തി ടൗണില്‍ ഒപ്പുശേഖരണവും, സായാഹ്ന ധര്‍ണ്ണയും നടത്തും.
നന്തി, കടലൂര്‍,കോടിക്കല്‍,മുത്തായം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് നന്തി-കടലൂര്‍ ലൈറ്റ് ഹൗസ് റോഡില്‍ റെയില്‍ വേ അടിപ്പാത നിര്‍മിക്കണമെന്നത്. ഇക്കാര്യം ഉന്നയിച്ച് നന്തി നിവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചിട്ട് നാളുകളായി. മൂടാടി ഗ്രാമപ്പഞ്ചായത്തും ഇക്കാര്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.അടിപ്പാത നിര്‍മാണത്തിന് 2021-ലെ സംസ്ഥാനബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
അടിപ്പാത നിര്‍മ്മാണത്തിനായി 2.17 കോടി രൂപയുടെ എസ്റ്റിമേറ്റ് റെയില്‍വേ തയ്യാറാക്കിയിരുന്നു. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ചെലവിലേക്കുള്ള തുക കെട്ടി വെക്കാന്‍ പഞ്ചായത്തിനോട് റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് തുക പ്രദേശവാസികള്‍ സമാഹരിച്ച് പഞ്ചായത്തിന് നല്‍കി. പഞ്ചായത്ത് 4,34,381 രൂപ റെയില്‍വേയില്‍ കെട്ടിവെച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പിന്നീട് കെ-റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് കാര്യത്തില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് നന്തിയിലെ അടിപ്പാത നിര്‍മാണം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി റെയില്‍വേ അധികൃതര്‍ ഗ്രാമപ്പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, കെ-റെയില്‍ പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തില്‍ അടിപ്പാത നിര്‍മാണം ഉട നാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
നന്തിയില്‍ അടിപ്പാത നിര്‍മ്മാണത്തിന് 2016ല്‍ 2.17 കോടി രൂപയുടെ എസ്റ്റിമേറ്റാണ് റെയില്‍വേ തയ്യാറാക്കിയത്.ഇപ്പോള്‍ അന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ നേരെ ഇരട്ടിയാവും. ഇത്രയും തുക റെയില്‍വേയ്ക്ക് കൈമാറിയാലെ അടിപ്പാത നിര്‍മ്മിക്കുകയുളളുവെന്നത് പ്രതിഷേധാര്‍ഹമാണ്. റെയില്‍വേ മുന്‍കൈയെടുത്ത് അടിപ്പാത നിര്‍മ്മിക്കുകയാണ് വേണ്ടത്.എസ്റ്റിമേറ്റ് ഉണ്ടാക്കാന്‍ ചെലവായ തുക പൊതുജനങ്ങള്‍ സമാഹരിച്ച് റെയില്‍വേയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് സി.കെ.ശ്രീകുമാര്‍(മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,ജനകീയ കമ്മിറ്റി ചെയര്‍മാന്‍) പറഞ്ഞു.
കടലൂര്‍ ലൈറ്റ് ഹൗസ് റോഡില്‍ റെയില്‍വേ അടിപ്പാത നിര്‍മിക്കണമെന്നത് പ്രദേശവാസികളുടെ കാലങ്ങളായുളള ആവശ്യമാണ്. ഇക്കാര്യത്തില്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും അടിയന്തിര നടപടിയെടുക്കണം.ഇവിടെ അടിപ്പാത നിര്‍മ്മിക്കേണ്ട ആവശ്യകത ഷാഫി പറമ്പില്‍ എം.പിയുടെ അടിയന്തിര ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നടപടി സ്വീകരിക്കുമെന്നാണ് എം.പി അറിയിച്ചതെന്ന് വി.പി.ദുല്‍ഖിഫില്‍(ജില്ലാ പഞ്ചായത്ത് അംഗം) പ്രതികരിച്ചു.
നന്തിയില്‍ റെയില്‍പ്പാതയ്ക്ക് കൊടുംവളവാണ്. മുമ്പ് ഇവിടെയുളള റെയില്‍വേ ഗെയിറ്റ് മേല്‍പ്പാലം വന്നതോടെ അടച്ചതോടെ വന്‍മുഖം, കടലൂര്‍, ഭാഗങ്ങളിലെ ജനങ്ങള്‍ റെയില്‍പ്പാത മുറിച്ചുവേണം നന്തി ബസാറിലേക്ക് എത്താന്‍. കടലൂര്‍ ഗവ. ഹൈസ്‌കൂള്‍, നന്തി ദാറുസ്സലാം അറബിക് കോളേജ്, കടലൂര്‍ ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ റെയില്‍പ്പാത മുറിച്ചുകടക്കണം. കൊടും വളവായതിനാല്‍ വണ്ടി അടുത്തെത്തിയാല്‍ മാത്രമേ അറിയുകയുള്ളൂ. പാളത്തില്‍ നിന്ന് ഇറങ്ങി നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയാണിവിടെ. പാളം മുറിച്ചുകടക്കുമ്പോള്‍ ചെറിയകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇവിടെ അടിപ്പാത നിര്‍മിക്കണമെന്നതും പ്രധാന ആവശ്യമാണെന്ന് റഫീഖ് പുത്തലത്ത്(മൂടാടി ഗ്രാമ പഞ്ചായത്ത് അംഗം,നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റി കണ്‍വീനര്‍)അഭിപ്രായപ്പെട്ടു.