മലയാളികൾ കഴിക്കുന്ന പച്ചക്കറികളിൽ 13.33 ശതമാനവും വിഷമയമെന്ന് റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയിലും പഴങ്ങളിലും മാത്രമല്ല, ഇവിടെ ഉത്പാദിപ്പിക്കുന്നവയിലും അമിതമായി കീടനാശിനിയുണ്ടെന്നാണ് കണ്ടെത്തല്‍. 23 പച്ചക്കറികളിലും മൂന്നു പഴവർഗങ്ങളിലും ക്രമാതീതമായി കീടനാശിനി കണ്ടെത്തി.
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് അടുത്തിടെ നടത്തിയ പരിശോധനയിൽ 50 ലക്ഷം പേരിൽ 1,10,781 പേർക്ക് കാൻസർ സാദ്ധ്യത കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി ദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് രാസപദാർത്ഥങ്ങൾ നിറഞ്ഞ ഭക്ഷ്യസാധനങ്ങൾ ആണ്. ഈ വർഷം ജൂലായ് മുതൽ സെപ്തംബർ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 195 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
വെള്ളായണി കാർഷിക കോളേജിലെ ലാബിൽ ആണ് ഇവ പരിശോധിച്ചത്. ഈ പരിശോധനയില്‍ 23 പച്ചക്കറികളിലും മൂന്ന് പഴവർഗങ്ങളിലും അമിതമായി കീടനാശിനി കണ്ടെത്തുകയായിരുന്നു. ബാക്കി 169 എണ്ണം കീടനാശിനി സാന്നിദ്ധ്യം ഇല്ലാത്തവയോ അനുവദനീയ അളവിലോ ആയിരുന്നു.
പാവയ്ക്ക, ചുരയ്ക്ക, കാപ്സിക്കം, കാരറ്റ്, മുരിങ്ങയ്ക്ക, നെല്ലിക്ക, പച്ചമുളക്, കോവയ്ക്ക, നാരങ്ങ, പച്ചമാങ്ങ, വെള്ളരി, റാഡിഷ് വെള്ള, പടവലം, തക്കാളി, എന്നീ പച്ചക്കറികളിലും പേരയ്ക്ക , തണ്ണിമത്തൻ, ഗ്രീൻആപ്പിൾ എന്നീ പഴങ്ങളിലും ആണ് അമിതമായി വിഷാംശം കണ്ടെത്തിയത്. അസഫേറ്റ്, ഡൈമെത്തോവേറ്റ്, ഒമേത്തോയേറ്റ്, മോണോക്രോട്ടോഫോസ്, പെൻഡിമെത്തലിൻ തുടങ്ങിയവയാണ് പച്ചക്കറികളിൽ കൂടുതലായി കാണുന്ന കീടനാശിനികൾ.