ദേശീയ പാതാ വികസനം,സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന ഓവ് ചാലിന് മുകളിലിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് കനം കുറവെന്ന് പരക്കെ ആക്ഷേപം

കൊയിലാണ്ടി: ദേശീയ പാത വികസനത്തിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡിനോട് ചേര്‍ന്നുളള ഓവ് ചാല്‍ മൂടുന്നത് കനം കുറഞ്ഞ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ചാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കൊല്ലം അടിപ്പാതയ്ക്ക് സമീപമുളള ഓവ് ചാലിന് മുകളിലിട്ട സ്ലാബ് ഒരു സ്‌കൂട്ടര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാണ് അവസാന സംഭവം. ഓവ് ചാല്‍ ഉള്‍പ്പടെ സര്‍വ്വീസ് റോഡുകള്‍ക്ക് ഏഴ് മീറ്ററാണ് വീതി കണക്കാക്കുന്നത്. എന്നാല്‍ മിക്കയിടത്തും സര്‍വ്വീസ് റോഡിന്റെ വീതി മൂന്ന് മീറ്റര്‍ മുതലെയുളളു. അതു കാരണം വാഹനങ്ങള്‍ ഓവ് ചാലിന് മുകളിലിട്ട സ്ലാബിന് മുകളില്‍ കയറിയാണ് യാത്ര ചെയ്യുക. ഇത് വലിയ അപകടത്തിനാണ് ഇടയാക്കുന്നത്. പത്ത് സെന്റീ മീറ്റര്‍ കനം മാത്രമാണ് മിക്കയിടത്തും സ്ലാബുകള്‍ക്ക് ഉളളതെന്നാണ് ആക്ഷേപം.സ്ലാബിനുളളില്‍ ഇട്ടത് പത്ത് എം.എം കമ്പിയുടെ ഒരു ലെയറും. 25 മുതല്‍ 30 വരെ സെന്റീമീറ്റര്‍ അകലത്തിലാണ് കമ്പികള്‍ ഇടുന്നത്. എന്നാല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നിടത്ത് രണ്ട് ലെയര്‍ കമ്പി നിര്‍ബന്ധമായും സ്ലാബിനുളളില്‍ ഇടേണ്ടതാണെന്ന് മുന്‍ നഗരസഭാ കൗണ്‍സിലറും കരാറുകാരനുമായിരുന്ന നടേരി ഭാസ്‌ക്കരന്‍ പറഞ്ഞു.രണ്ട് ലെയര്‍ കമ്പി 10 മുതല്‍ 15 സെന്റീമീറ്റര്‍ അകലം വിട്ടാണ് കെട്ടേണ്ടത്. സ്ലാബിന് ചുരുങ്ങിയ 20 സെന്റീ മീറ്റര്‍ കനവും വേണം. എന്നാല്‍ തന്നെ ഭാരം കയറ്റി ലോറികളും യാത്രക്കാരെ കുത്തി നിറച്ചു ബസ്സുകളും പോകുമ്പോള്‍ സ്ലാബ് തകരാന്‍ സാധ്യതയേറെയാണ്. നിലവില്‍ ഓവ് ചാലിന് മുകളിലിട്ട സ്ലാബിന് മുകളിലൂടെ കന്നുകാലികളെ കൊണ്ടു പോയാല്‍ പോലും തകരുന്ന അവസ്ഥയാണ്. തിരുവങ്ങൂരും,നന്തിയിലും തിക്കോടിയിലും സ്ലാബ് തകര്‍ന്നു കിടക്കുന്നത് കാണാം. ഓവുചാലിനുളളിലെ കല്ലും മണ്ണും നീക്കം ചെയ്യാതെയാണ് പല സ്ഥലത്തും സ്ലാബിട്ട് മൂടിയത്. മഴക്കാലത്ത് വെളളം ഒഴുകി പോകാതിരിക്കാനും ഇത് ഇടയാക്കും. കൊല്ലം അടിപ്പാതയ്ക്ക് സമീപം കനം കുറച്ച് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ,പരിസരവാസികള്‍ ഇടപെട്ടാണ് കനം കൂട്ടി വാര്‍ത്തതെന്ന് നടേരി ഭാസ്‌ക്കരന്‍ പറഞ്ഞു. കമ്പിയുടെയും സിമിന്റയും കുറവാണ് സ്ലാബ് തകരാന്‍ ഇടയാക്കുന്നത്. ഈ വിഷയം എന്‍.എച്ച്.എ.ഐ എഞ്ചിനിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 
കൊല്ലം നെല്ല്യാടി റോഡില്‍ നിര്‍മിച്ച അണ്ടര്‍ പാസിനോടനുബന്ധിച്ച് അഞ്ചര മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തിയാണ് ബൈപ്പാസ് റോഡ് നിര്‍മ്മിച്ചത്. മണ്ണിട്ട് ടാര്‍ ചെയ്ത ഈ ഭാഗങ്ങളില്‍ വിണ്ടു കീറിയത് നേരത്തെ തന്നെ നാട്ടുകാര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ടാറിട്ട ഭാഗങ്ങള്‍ പൊട്ടി വിളളല്‍ വീണു വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ട്. കുന്ന്യോറ മലയ്ക്കും മുചുകുന്നിനും മിടയില്‍ ഉയര പാത (എലിവേറ്റഡ് ഹൈവെ)നിര്‍മ്മിച്ചിരുന്നുവെങ്കില്‍ വെളളക്കെട്ടിന്റെ പ്രശ്‌നങ്ങളോ,ഹൈവേ നിര്‍മ്മാണത്തിന് മണ്ണിട്ട് ഉയര്‍ത്തേണ്ട ആവശ്യമോ വേണ്ടി വരില്ലായിരുന്നു.ഈ പ്രദേശത്തെ വെള്ളക്കെട്ടുകളും മറ്റ് അസൗകര്യങ്ങളും ഒഴിവാക്കാമായിരുന്നു.വലിയ ഉയരത്തില്‍ മണ്ണ് നിറച്ചാണ് ഈ ഭാഗങ്ങളില്‍ ബൈപ്പാസ് നിര്‍മ്മിച്ചത്.മണ്ണ് ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്. പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലം അണ്ടര്‍പാസിനും മിടയില്‍ വലിയ തോതില്‍ മണ്ണിട്ട് ഉയര്‍ത്തണം. പകരം ഇവിടെ എലിവേറ്റഡ് ഹൈവേയായിരുന്നു വേണ്ടിയിരുന്നത്.
ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡുകള്‍ക്ക് ആവശ്യത്തിന് വീതിയില്ലെന്ന കാര്യംകാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയിലുന്നയിച്ചിരുന്നു. പലയിടത്തും സര്‍വ്വീസ് റോഡിന് വേണ്ടത്ര വീതിയില്ലെന്ന ആക്ഷേപമുണ്ട്.ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായി സര്‍വ്വീസ് റോഡിന് ഉപയോഗിച്ചിട്ടുണ്ടൊയെന്ന കാര്യത്തിലും സംശയമുണ്ട്. അഴിയൂര്‍ വെങ്ങളം സ്ട്രെച്ചില്‍ സര്‍വ്വീസ് റോഡ് വീതി കുറച്ചാണോ നിര്‍മ്മിച്ചതെന്ന കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.


ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കേണ്ടത്. മതിയായ ഭൂമി ലഭ്യമല്ലാത്തിടത്ത് ഡ്രെയിനേജ് ഉള്‍പ്പടെ 5.5 മുതല്‍ ഏഴു മീറ്റര്‍ വരെ വീതിയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചിട്ടുളളതായി ദേശീയ പാതാ അതോറിറ്റി അറിയിച്ചിട്ടുണെന്നും മന്ത്രി വിശദീകരിച്ചു.കൊയിലാണ്ടി വെങ്ങളം മുതല്‍ ചെങ്ങോട്ടുകാവ് വരെയും നന്തി മുതല്‍ മൂരാട് പാലം വരെയും സര്‍വ്വീസ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് വലിയ ഗതാഗത തടസ്സമാണ് ഉണ്ടാകുന്നത്.വെങ്ങളം മുതല്‍ മൂരാട് വരെ സര്‍വീസ് റോഡ് നിര്‍മ്മാണം ഇനിയും പൂര്‍ണമായിട്ടുമില്ല. ആകെ 45 മീറ്ററാണ് ദേശീയപാതക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതാധികൃതര്‍ക്ക് കൈമാറിയത്.ഇതില്‍ 14 മീറ്റര്‍ വീതിയിലാണ് ഇരുവഭാഗത്തും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കേണ്ടത്. സര്‍വ്വീസ് റോഡിന് ആവശ്യമായ വീതിയില്ലെങ്കില്‍ വരും നാളുകളില്‍ വലിയ തോതിലുളള ഗതാഗത തടസ്സമായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി മുടങ്ങും

Next Story

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Latest from Local News

റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ

പുറക്കാമലയിൽ മുസ്ലിം യൂത്ത് ലീഗ് സംരക്ഷണ യാത്ര നടത്തി

പേരാമ്പ്ര :മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ പരിധിയിൽ പെട്ടതും പരിസര പ്രദേശങ്ങൾ ജനവാസ നിബിഡവുമായ പുറക്കാമലയിൽ മല അനധികൃതമായി കൈടക്കിക്കൊണ്ട് ഖനനം നടത്താനുള്ള

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).