കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട അപാകങ്ങൾ പരിഹരിക്കണമെന്ന് സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.രണ്ടു ഭാഗത്തുമുള്ള സർവീസ് റോഡുകൾക്ക് പലയിടങ്ങളിലും വീതിയില്ലായെന്നത് നിലവിലും ഭാവിയിലും വലിയ ഗതാഗത തടസ്സത്തിന് ഇടവരുത്തും.വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയായതിനാൽ വലിയ ഗതാഗത തടസ്സമാണ് ഉണ്ടാകാൻ പോകുന്നത്. പഞ്ചായത്ത്, നഗരസഭാ റോഡുകൾക്ക് സർവീസ് റോഡുമായി കണക്ഷൻ നൽകണം. വെങ്ങളം മുതൽ മൂരാട് വരെ വേഗതയില്ലാതെയും കാര്യക്ഷമമില്ലാതെയുമാണ് പ്രവൃത്തി നടക്കുന്നത്.കൃത്യമായ ഒഴുക്കുചാൽ നിർമ്മിക്കാത്തതിനാൽ വലിയ വെള്ളക്കെട്ടാണ് പലയിടങ്ങളിലും.ഇതിനെല്ലാം പരിഹാരമുണ്ടാക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവൃത്തി പൂർത്തിയാക്കണം. കാപ്പാട്, പിഷാരികാവ്, പാറപ്പള്ളി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, നെല്യാടി, നടേരി, കണയങ്കോട് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയുള്ള പുഴയോര കടലോര ടൂറിസം സർക്യൂട്ട് സ്ഥാപിക്കുക, താലൂക്കാശുപത്രിയിൽ കാർഡിയോളജി, നെഫ്രോളജി അടക്കം സ്ഥാപിച്ച് ജില്ലാ നിലവാരത്തിലാക്കുക, കൊയിലാണ്ടി ഹാർബറിൽ മറൈൻ എഞ്ചിനിയറിങ് കോളേജും മറ്റു അനുബന്ധ തൊഴിൽശാലകളും സ്ഥാപിക്കുക, തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയാരംഭിക്കുക, ചേമഞ്ചേരി സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികൾ പുനഃസ്ഥാപിക്കുക, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ മുത്താമ്പി റോഡിൽ ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.മുഹമ്മദ്, ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ, ഏരിയാ സെക്രട്ടറി ടി. കെ ചന്ദ്രൻ എന്നിവർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ഏരിയാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചു പൂക്കാട് നിന്ന് കാഞ്ഞിലശേരി വരെ ചുവപ്പു സേനാ മാർച്ചും ബഹുജന റാലിയും നടത്തി. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി. കെ .കെ . ദിനേശൻ, കെ .കെ . മുഹമ്മദ്, പി .വിശ്വൻ, കെ. ദാസൻ, കാനത്തിൽ ജമീല എം.എൽ.എ എന്നിവർ സംസാരിച്ചു.