കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ജില്ലാ സമിതി കൊയിലാണ്ടിയിൽ സായാഹ്ന ചർച്ച സംഘടിപ്പിച്ചു. കുട്ടികളുടെ പഠന നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട കാരണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം സ്വാഗതാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിച്ച സായാഹ്ന ചർച്ച അഭിപ്രായപ്പെട്ടു.
2025 മെയ് 11 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ മുന്നോടിയായി സംഘടിപ്പിച്ച സായാഹ്ന ചർച്ച വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ മാജിദ് ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സയ്യിദ് വിജ്ദാൻ അൽ ഹികമി, വി.കെ ബാസിം മുഹമ്മദ് കോളിക്കൽ, മൂനിസ് അൻസാരി ബാലുശ്ശേരി, ഫായിസ് പേരാമ്പ്ര, സൈഫുല്ല പയ്യോളി, കെ.ആദിൽഅമീൻ പൂനൂർ എന്നിവർ പങ്കെടുത്തു.
പരീക്ഷകളിലെ ഉദാര മൂല്യനിർണയവും നിരന്തരമൂല്യനിർണയ പ്രക്രിയയുടെ അശാസ്ത്രീയതയും ഓൾ പ്രൊമോഷൻ സംവിധാനവും എല്ലാം കാരണമായി മാതൃഭാഷയിൽ പോലും എഴുത്തും വായനയും അറിയാത്ത കുട്ടികൾ വർദ്ധിക്കുന്നു എന്നത് വസ്തുതയാണ്. എസ്. എസ്.എൽ.സി പരീക്ഷക്കു പോലും നൂറു ശതമാനത്തിനടുത്ത് വിജയം സമ്മാനിക്കുന്നതും നിർലോഭം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാകുന്നതും കുട്ടികളിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിച്ചിരിക്കുന്നു. ഇതു തിരുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും വിവിധ വേദികളിൽ നടത്തിയ പ്രസ്താവനകൾ അഭിനന്ദനാർഹമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
‘പഠിച്ചില്ലെങ്കിലും ജയിക്കും’ എന്ന ചിന്ത വിദ്യാർത്ഥികളെ വലിയ രൂപത്തിൽ ബാധിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും ദേശീയ തലത്തിൽ നടത്തിയ സർവ്വേകളിലും കേരളത്തിന്റെ നിലവാരം താഴോട്ടുപോയ കണക്കുകൾ മുന്നിൽ വെച്ച് തിരുത്താൻ ശ്രമിക്കുമ്പോൾ ബാലിശമായ ന്യായങ്ങൾ പറഞ്ഞ് എതിർക്കുന്നവർ പിന്നെന്താണ് പരിഹാരം എന്ന് പറയാൻ ബാധ്യസ്ഥരാണ്. ഈ നീക്കങ്ങൾക്ക് എതിരായ ശബ്ദങ്ങളെ പരിഗണിക്കാതെ നടപടികളുമായി മുന്നോട്ട് പോകണമെന്നും സംഗമം കൂട്ടിച്ചേർത്തു.