കൊയിലാണ്ടി: കെ.പി.പുരുഷോത്തമൻ നമ്പൂതിരി രചിച്ച്, സംഗീതജ്ഞൻ കാവുംവട്ടം വാസുദേവൻ ഈണമിട്ട് കെ.കെ.നിഷാദ് പാടിയ ‘ശരണാഗതം’ ഭക്തിഗാന ആൽബം പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശനം ചെയ്തു. കവിയും ചിത്രകാരനുമായ സോമൻ കടലൂർ ആൽബം ഏറ്റുവാങ്ങി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
എല്ലാ മതങ്ങളുടെയും ഭക്തിഗാനങ്ങൾ മനസ്സിനെ പ്രകാശിപ്പിക്കുന്നതോടൊപ്പം, ആത്മീയ ചിന്ത പ്രകടിപ്പിക്കുന്നുവെന്ന് പ്രശസ്ത ഗായകൻ വി.ടി.മുരളി പറഞ്ഞു. വ്യക്തികളുടെ ദു:ഖങ്ങൾ ദൈവങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ സാമൂഹ്യാവസ്ഥകളുടെ കൂടി പ്രതിഫലനമായിരുന്നു. സംഗീതം കാതിൻ്റെ കലയാണ്. ഇപ്പോൾ ദൃശ്യവൽക്കരിക്കുന്ന സംഗീതം കണ്ണിന് വേണ്ടിക്കൂടിയാണ്. പാട്ടിലൂടെയുള്ള ചിന്തകൾ മനുഷ്യൻ്റെ ഉളള് കാണാൻ ഉതകുന്നതാവണം. ‘ സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര പോകുന്നു ‘ എന്നതു പോലുള്ള ഗാനങ്ങൾ മതാതീതവും ലോകസത്യങ്ങൾ അവതരിപ്പിക്കുന്നതുമാണ്. ഭാസ്ക്കരൻ മാഷും വയലാറും യൂസഫലി കേച്ചേരിയുമെഴുതി, ബാബുരാജും ദേവരാജൻ മാഷും ഈണമിട്ട ഭക്തിഗാനങ്ങൾ ഇന്നും ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്- വി.ടി.മുരളി പറഞ്ഞു.
ഭക്തിഗാനങ്ങൾ ആന്തരിക പ്രകാശനം കൂടിയാണ്. മികച്ച ഭക്തിഗാനങ്ങൾ ഭക്തരേയും വിഭക്തരേയും സന്ദേഹികളെയും ഒരേപോലെ ആനന്ദിപ്പിക്കുന്നതായിരുന്നു. മനുഷ്യാവസ്ഥകളുടെ പ്രതിഫലനങ്ങളായിരുന്നു അവ – സോമൻ കടലൂർ പറഞ്ഞു.
ചടങ്ങിൽ ഇ.കെ.അജിത് (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, കൊയിലാണ്ടി നഗരസഭ), നിധീഷ് നടേരി (ഗാനരചയിതാവ്), വി.പി.ഭാസ്ക്കരൻ (മാനേജർ, പിഷാരികാവ് ദേവസ്വം), അഡ്വ.വി.സത്യൻ (സിനിമാ നിർമ്മാതാവ്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി. ജയദേവ് സ്വാഗതവും കെ.പി. സുഭദ്ര നന്ദിയും പറഞ്ഞു.