പനങ്ങാട്: ദൃശ്യ ചാരുതയാല്‍ സമ്പന്നമാണ് വയലട മുളളന്‍പാറ വ്യൂ പോയിന്റ്. സമുദ്രനിരപ്പില്‍നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് മുള്ളന്‍പാറ.മുളളന്‍പാറയില്‍ നിന്നുളള കാഴ്ചയാണ് വയലടയിലെ ഏറ്റവും വലിയ ആകര്‍ഷണം.താഴെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന താഴ് വാരത്തില്‍ പെരുവണ്ണാമൂഴി റിസര്‍വോയറും,കൂരാച്ചുണ്ട് ടൗണും,കല്ലാനോടുമെല്ലാം വ്യക്തമായി കാണാം.വയലടയിലെ പ്രകൃതി ഭംഗിയറിഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് വ്യൂ പോയിന്റിലെത്തണമെങ്കില്‍ വലിയ പ്രയാസമാണ്. അതു കൊണ്ട് തന്നെ വ്യൂ പോയിന്റിലെത്താനാവാതെ പലരും നിരാശരായി മടങ്ങുന്ന അവസ്ഥയുമുണ്ട്.
വയലടനിന്നും ഇല്ലിപ്പിലായി(ചെറുമണിച്ചേരി)ല്‍നിന്നും രണ്ട് റോഡുകളാണ് മുളളന്‍പാറ വ്യൂ പോയിന്റിലേക്കുള്ളത്. അതിലൊന്ന് കൂരാച്ചുണ്ട് റോഡില്‍ നിന്നും തുടങ്ങുന്നതാണ്. ഇവിടെ നിന്നും മുക്കാല്‍ കിലോമീറ്ററോളമെ മുളളന്‍പാറ വ്യൂ പോയിന്‍രിലേക്കുളളു. അരക്കിലോമീറ്ററോളം കോണ്‍ക്രീറ്റ് ചെയ്ത പാതയാണ്. അതിന് ശേഷം ടൂറിസം വകുപ്പ് രണ്ട് വീല്‍ ട്രാക്ക് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. തുടര്‍ന്നാണ് നൂറ് മീറ്ററോളം വനം വകുപ്പിന്റെ അധീനതയിലുളള സ്ഥലമുളളത്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഈ ഭാഗത്തുകൂടെ വാഹനം കടന്നുപോവില്ല. നടന്നു വേണം കുത്തനെയുളള കയറ്റം കയറാന്‍. വനം വകുപ്പിന്റെ കയ്യിലുളള സ്ഥലത്ത് കല്ല് പാകിയാല്‍ തന്നെ പാത വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയും.മുളളന്‍കുന്നു വരെ വാഹനം പോകില്ലെന്നറിയുന്നതോടെ കുട്ടികളും പ്രായമേറിയവരുമുള്ള സംഘങ്ങള്‍ വ്യൂ പോയിന്റിലെത്താതെ മടങ്ങുകയാണ്. ചെറുമണിച്ചേരി- മുള്ളന്‍പാറ കോണ്‍ക്രീറ്റ് റോഡും ഗതാഗതയോഗ്യമല്ല. 14 വര്‍ഷം മുന്‍പ് പ്രദേശത്തുകാര്‍ എട്ടുമീറ്റര്‍ വീതിയില്‍ റോഡ് പണിയാനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുകൊടുത്തതാണ്. എന്നാല്‍, മൂന്നു മീറ്ററോളം വീതിയിലാണ് റോഡ് പണിതത്.ആവശ്യമായ ഭൂമി സാജന്യമായി ലഭിച്ചിട്ടും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താന്‍ ഇതുവരെ ടൂറിസം വകുപ്പധികൃതര്‍ തയ്യാറായിട്ടില്ല.
വയലടയെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റാന്‍ സര്‍വ്വ പിന്തുണയുമായി പ്രദേശവാസികള്‍ ഉണ്ട്. ഉത്തരവാദിത്വ വിനോദസഞ്ചാരവികസനത്തിന് എല്ലാ സാധ്യതകളുമുള്ളയിടമാണ് വയലട ടൂറിസം കേന്ദ്രം. പക്ഷേ, അധികൃതരുടെ അനാസ്ഥയാല്‍ വയലടയുടെ വികസനം ലക്ഷ്യം കാണാതെപോവുകയാണ്.
ബാലുശ്ശേരി എം.എല്‍.എയായിരുന്ന പുരുഷന്‍ കടലുണ്ടിയുടെ ശ്രമഫലമായാണ് വയലട ടൂറിസം പദ്ധതിക്ക് ചിറകുമുളച്ചത്. ആറ് ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ അതിമനോഹരമായ കാഴ്ച സമ്മാനിക്കുന്ന പ്രദേശം ഭാവി കേരളത്തിലെ പ്രധാന വിനോദസഞ്ചാര മേഖലയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മാസ്റ്റര്‍ പ്ലാനാണ് അന്ന് തയ്യാറാക്കപ്പെട്ടത്. കരിയാത്തുംപാറ, തോണിക്കടവ്, കക്കയം തുടങ്ങിയ കേന്ദ്രങ്ങളുള്‍പ്പെടുത്തി നല്ലൊരു പാക്കേജ് സഞ്ചാരികള്‍ക്ക് നല്‍കാനാവുമെന്നതും അനുകൂലഘടകമായി പരിഗണിക്കപ്പെട്ടു.
സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ യാത്രാസൗകര്യവും വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഉറപ്പുവരുത്തുക, വിശ്രമകേന്ദ്രങ്ങളും ലഘുഭക്ഷണശാലകളും പണിയുക, സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുക, പാര്‍ക്കിങ് സൗകര്യമൊരുക്കുക, അരുവികളും വെള്ളച്ചാട്ടങ്ങളും അടുത്തുനിന്ന് ആസ്വദിക്കാന്‍ വാക്ക് വേ പണിയുക തുടങ്ങിയവയായിരുന്നു മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിരുന്നത്. ഇതനുസരിച്ച് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണയംകോട് കക്കയം ടൂറിസം കോറിഡോറിന്റെ ഭാഗമായാണ് വയലടയ്ക്ക് 3.04 കോടി രൂപ അനുവദിച്ചത്. വരാന്‍പോകുന്ന വലിയ സാധ്യതകള്‍ സ്വപ്നംകണ്ട് ആറ് ഏക്കര്‍ 42 സെന്റ് സ്ഥലമാണ് സ്വകാര്യവ്യക്തികള്‍ പദ്ധതിക്കായി സൗജന്യമായി വിട്ടുകൊടുത്തത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ പ്രദേശവാസികളുടെ സംരഭക പ്രതീക്ഷകള്‍ കൂടിയാണ് ഇല്ലാതായത്.