ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതിയായ-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ശുപാർശകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. പിഎം വിദ്യാലക്ഷ്മി പദ്ധതി പ്രകാരം സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ഗ്യാരണ്ടി രഹിത വായ്പകൾ അനുവദിക്കും.
സ്കീമിന് കീഴിൽ, 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കും. കൂടാതെ, മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും.