കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മാര്‍ക്കറ്റിലെ രണ്ട് ശൗചാലയങ്ങളും അടച്ചിട്ടത് വ്യാപാരികള്‍,തൊഴിലാളികള്‍,ഹരിത കര്‍മ്മസേനാഗങ്ങള്‍,ചമുട്ട് തൊഴിലാളികള്‍,ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് വലിയ തോതില്‍ ദുരിതമുണ്ടാക്കുന്നു. രണ്ട് മാസത്തോളമായി ശൗചാലയത്തിന്റെ ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് വരുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. മാലിന്യം മുക്കി ഒഴിവാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും പറയുന്നു.നിരവധി പ്രാവശ്യം ഈ വിഷയം നഗരസഭാധ്യക്ഷയുടെയും മുന്‍സിപ്പല്‍ സെക്രട്ടറിയുടെയും മുന്നില്‍ കൊണ്ടു വന്നതാണെന്ന് നഗരസഭ കൗണ്‍സിലര്‍ മനോജ് പയറ്റു വളപ്പില്‍ ആരോപിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അധികൃതരോട് സംസാരിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
മീന്‍ മാര്‍ക്കറ്റടക്കം അന്‍പതിലേറെ കടകള്‍ നഗരസഭ മാര്‍ക്കറ്റ് കെട്ടിടത്തില്‍ ഉണ്ട്. മിക്ക കടകളിലും സ്ത്രീ ജീവനക്കാരുമുണ്ട്. മാര്‍ക്കറ്റിലെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന ചുമട്ട് തൊഴിലാളികള്‍,ഓട്ടോ,ലോറി,ഗൂഡ്‌സ് ഓട്ടോ തൊഴിലാളികള്‍,മാര്‍ക്കറ്റിലെത്തുന്ന പൊതുജനങ്ങള്‍ എന്നിവരെല്ലാം മാര്‍ക്കറ്റിലെ പൊതു ശൗചാലയം ഉപയോഗിക്കാറുണ്ട്. കുളിമുറി ഉപയോഗത്തിന് 20 രൂപയും,കക്കൂസ് ഉപയോഗത്തിന് അഞ്ച് രൂപയും മൂത്രമൊഴിക്കാന്‍ മൂന്ന് രൂപയും നഗരസഭ ഈടാക്കുന്നുമുണ്ട്. എന്നിട്ടും സമയാസമയം ടോയ്‌ലെറ്റ് അറ്റകുറ്റ പണി നടത്താന്‍ ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ലെന്നാണ് പരക്കെയുളള ആക്ഷേപം.