ബാലുശ്ശേരി വയലട കോട്ടക്കുന്ന് ആദിവാസി കോളനി റോഡരികിൽ ലക്ഷങ്ങൾ മുടക്കി ഡി.ടി. പി.സി. നിർമിച്ച നാച്ചുറൽ പാർക്ക് കാടുമൂടി നശിക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ വയലട വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വഴിമധ്യേ വിശ്രമിക്കുന്നതിനും പ്രകൃതിഭംഗിയാസ്വദിക്കുന്നതിനും വേണ്ടിയാണ് പാർക്ക് പണിതത്. ബാംബു ഗ്രോത്ത് പാർക്ക് എന്നായിരുന്നു പാർക്കിന് നാമകരണം ചെയ്തിരുന്നത്.
പാർക്കിൽ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി നിർമിച്ച പത്തോളം ഇരിപ്പിടങ്ങൾ ഇതിനകം കാടിനുള്ളിലായിക്കഴിഞ്ഞു. നിലമെല്ലാം ടൈൽ പാകി മനോഹരമാക്കുകയും രണ്ട് വിശ്രമകേന്ദ്രങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു. പാർക്കിന്റെ ഉദ്ഘാടനം ഒന്നര വർഷം മുമ്പ് ടൂറിസം പൊതുമരാമത്ത് വകുപ്പ്മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് നിർവഹിച്ചിരുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പാർക്ക്. കൂരാച്ചുണ്ട് റോഡിൽനിന്ന് അരക്കിലോമീറ്ററോളം ദൂരം മലമുകളിലേക്ക് സഞ്ചരിക്കുമ്പോൾ നടന്നു ക്ഷീണിക്കുന്നവർക്ക് ഒരു ഇടത്താവളവും വിശ്രമകേന്ദ്രമായിരുന്നു ഇത്. എന്നാൽ, ഇന്ന് പാർക്കിനകത്തേക്ക് കടക്കാൻപോലും കഴിയാത്തവിധം കാടുമുടിക്കിടക്കുകയാണ്. ഇരുമ്പ് ഗെയിറ്റ് പൂട്ടിയിട്ട നിലയിലാണ് പാർക്കിന്റെ സംരക്ഷണച്ചുമുതല ഒരാളെ ഡിടിപിസി ഏൽപ്പിച്ചിരുന്നെങ്കിലും അദ്ദേഹം അത് സംരക്ഷിക്കാൻ ഒന്നും ചെയ്തില്ല. വയലടയെ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാൻ ഒരുഭാഗത്ത് ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് ലക്ഷങ്ങൾ മുടക്കിയ പാർക്ക് ആരും തിരിഞ്ഞു നോക്കാതെ നശിക്കുകയാണ്.
വയലട വിനോദസഞ്ചാരകേന്ദ്രത്തിനുസമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച നാച്ചുറൽ പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിച്ച് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കണമെന്ന് പരിസരവാസി ജൈസൺ മാത്യു ആവശ്യപ്പെട്ടു.