കൊയിലാണ്ടി പന്തലായനിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന്റെ പേരിൽ ഗൃഹനാഥനെയും ഭാര്യയേയും മക്കളേയും വീട്ടിൽ കയറി അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭീതിതമായ സാഹചര്യത്തിലൂടെയാണ് ആ കുടുംബം മുന്നോട്ട് പോകുന്നത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് വിഘാതം നിൽക്കുന്ന അക്രമിക്കൂട്ടങ്ങളെ സ്വീകരിക്കാനോ സംരക്ഷിക്കാനോ രാഷ്ട്രീയ യുവജന സംഘടനകൾ മുന്നോട്ട് വരുന്നത് അപകടകരമാണ്.
പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി ആരും മുന്നോട്ട് പോകരുത്. കൊയിലാണ്ടി പോലീസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കണം പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി സമദ് നടേരി,മണ്ഡലം ജന:സെക്രട്ടറി ഫാസിൽ നടേരി,ബാസിത് കൊയിലാണ്ടി, അൻവർ വലിയമങ്ങാട് എന്നിവർ വീട് സന്ദർശിച്ചു.