കോൺഗ്രസ് നേതാവായിരുന്ന സ്രാമ്പിയിൽ ഗോവിന്ദൻ കുട്ടിനായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിന് ഇന്നത്തെപ്പോലെ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന പഴയ കാലത്ത് നടേരി, കാവും വട്ടം, അണേല പ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ച് കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു..
വീടുകൾ സന്ദർശിച്ചും വഴിയോരങ്ങൾ കേന്ദ്രീകരിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മിഠായി കോൺഗ്രസ് എന്ന വിളി അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. എം.എൽ.എ മാരായിരുന്ന ഇ.നാരായണൻ നായർ, മണിമംഗലത്ത് കുട്ട്യാലി എന്നിവരോടൊപ്പം പ്രവർത്തിച്ച ഗോവിന്ദൻകുട്ടി നായർ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്നു. പഴയനി , ശബരിമല തീർത്ഥാടക സംഘത്തിലെ ഗുരുസ്വാമി കൂടിയായിരുന്നു ഗോവിന്ദൻകുട്ടി നായർ. സർവ്വകക്ഷി യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ടി.ടി. ശങ്കരൻ നായർ, രാമചന്ദ്രൻ നീലാംബരി, ബാലകൃഷ്ണൻ തൃപുര, പി. കുട്ടികൃഷ്ണൻ നായർ, രാധാകൃഷ്ണൻ എടവന , ഇ രാജൻമാസ്റ്റർ, കെ.എം. മുരളീധരൻ, അനിൽകുമാർ അരിക്കുളം, രഘുനാഥ് എഴുവങ്ങാട്ട് എന്നിവർ സംസാരിച്ചു.