ചെങ്ങോട്ടുകാവ്-ചേമഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ചേലിയ -കാഞ്ഞിലശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി ഇഴയുന്നു. 1.18 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തിയാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഈ റോഡ് കയറ്റിറക്കങ്ങളും, വീതി കുറവും കാരണം സുഗമമായ യാത്രയ്ക്ക് അനുയോജ്യമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ചേലിയ മുതല്‍ കാഞ്ഞിലശ്ശേരി വരെ റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചത്. ചേലിയ മുതല്‍ കുറ്റ്യാടിക്കുന്നിന് സമീപം വരെ റോഡ് നവീകരിച്ചിട്ടുണ്ട്. ബാക്കി കാഞ്ഞിലശ്ശേരി മുതല്‍ 800 മീറ്റര്‍ റോഡാണ് പുനരുദ്ധരിക്കാന്‍ അവശേഷിക്കുന്നത്. ഒരു വര്‍ഷം മുമ്പെ റോഡ് പ്രവർത്തി തീരേണ്ടതായിരുന്നു. അതിനിടയിലാണ് ജലനിധി പദ്ധതി പ്രകാരം പൈപ്പിടല്‍ ജോലി തുടങ്ങിയത്. മൂന്ന് പ്രധാന പൈപ്പുകള്‍ ഈ റോഡില്‍ കീറിയിടേണ്ടി വന്നു. അതോടെ റോഡ് പണി നിര്‍ത്തിവെക്കേണ്ടി വന്നതായി കരാറുകാരന്‍ മധു കുമാര്‍ പറഞ്ഞു. പൈപ്പിടല്‍ ജോലി ഈ അടുത്താണ് പൂര്‍ത്തിയായത്. വീടുകളിലേക്ക് കണക്ഷന്‍ നല്‍കേണ്ട കുഴലുകളിടുന്ന പ്രവർത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.
തുലാമാസ മഴയ്ക്ക് ശമനം വന്നാല്‍ ഉടന്‍ തന്നെ ടാറിംങ്ങ് പ്രവർത്തി ആരംഭിക്കുമെന്നാണ് കരാറുകാര്‍ പറയുന്നത്. ഒന്നാംഘട്ടത്തില്‍ മെറ്റല്‍ നിരത്തുന്ന പ്രവർത്തി പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ മൂന്ന് മീറ്റര്‍ മാത്രം വീതിയുളള റോഡ് 4.10 മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്യുക. ഇരുവശത്തും കോണ്‍ക്രിറ്റ് ചെയ്യും. ടാറിങ്ങിനാവശ്യമായ എല്ലാ സാധനങ്ങളും സംഭരിച്ചു വെച്ചതായി കരാറുകാര്‍ പറഞ്ഞു. കുറ്റ്യാടി കുന്നിലെ കയറ്റം ഒരു മീറ്ററോളം കുറച്ചിട്ടുണ്ട്. ദേശീയ പാതയില്‍ പൂക്കാടിനും കൊയിലാണ്ടിയ്ക്കും ഇടയില്‍ ഗതാഗത സ്തംഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ പല വാഹനങ്ങളും പൂക്കാട് കാഞ്ഞിലശ്ശേരി ചേലിയ എളാട്ടേരി, കുറുവങ്ങാട് വഴിയാണ് കൊയിലാണ്ടി നഗരത്തിലെത്തുക. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലേക്കുളള പ്രധാന പാതയാണിത്. കൂടാതെ കലോപൊയിലിലൂടെ പൊയില്‍ക്കാവ് അങ്ങാടിയിലേക്കും എത്താം. ചേലിയ, കുറുവങ്ങാട് ഗവ ഐ.ടി.ഐ, ഉള്ളിയേരി ഭാഗത്തേക്കും ഈ റോഡ് വഴി പോകാന്‍ കഴിയും.
ചേലിയ കാഞ്ഞിലശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി അടിയന്തിരമായി പൂര്‍ത്തിയാക്കണം. ഇളകി കിടക്കുന്ന മെറ്റലില്‍ തെന്നി വീണു നിരവധി പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. റോഡ് പണി പൂര്‍ത്തിയാക്കാന്‍ പി.ഡബ്യു.ഡി നിരത്ത് വിഭാഗം അടിയന്തിരമായി ഇടപെടണമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. മജു ആവശ്യപ്പെട്ടു.