ചക്കിട്ടപാറ: കെഎസ്ഇബി,കേരള റോഡ് ഫണ്ട് ബോർഡ് വകുപ്പുകൾ തമ്മിൽ പദ്ധതി നടപ്പാക്കുന്നതിൽ വ്യക്തമായ ആസുത്രണമില്ലാത്തതിൽ സർക്കാരിനു ലക്ഷങ്ങൾ നഷ്ടവും, പൊതുജനങ്ങൾക്ക് ദുരിതവും ആകുന്നതായി പരാതി. പെരുവണ്ണാമുഴി – ചക്കിട്ടപാറ മലയോര ഹൈവേ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ പാതയിൽ കെഎസ്ഇബിയുടെ 56 വൈദ്യുതി ലോഹതൂണു കൾ തടസ്സമാണ്. റോഡരികിലെ ഉപയോഗ രഹിതമായ തൂണുകൾ നിമിത്തം മലയോര ഹൈവേയുടെ ഓവുചാൽ പ്രവൃത്തി ഉൾപ്പെടെ തടസ്സപ്പെട്ടിരിക്കുകയാണ്. പാതയോരത്തെ വീടുകളിലേക്കും, സ്‌ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കാത്തതും പ്രശ്നമാണ്.
പെരുവണ്ണാമുഴി റൂട്ടിൽ പാതയോരത്തെ ഉപയോഗരഹിതമായ വൈദ്യുതി തൂൺ നീക്കം ചെയ്യാത്തതിനാൽ മലയോര ഹൈവേ പ്രവൃത്തി മുടങ്ങിയതിനെത്തുടർന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗം രാജൻ വർക്കി വൈദ്യുതി തുണിനു മുമ്പിൽ ഭിക്ഷാടനസമരം നടത്തി പ്രതിഷേധിച്ചു. ഭിഷാടനത്തിലൂടെ ലഭിച്ച 260 രൂപ ശനിയാഴ്ച നടക്കുന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അധികൃതർക്ക് കൈമാറും. പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ചക്കിട്ടപാറ സബ് സ്‌റ്റേഷനിൽ എത്തിക്കാനാണ് രണ്ട് വർഷം മുൻപ് 1.50 കോടിയോളം രൂപ ചെലവഴിച്ച് തൂൺ റോഡരികിൽ നാട്ടിയത്. 2022 ഡിസംബർ 30ന് കെഎസ്ഇബി, കെആർഎഫ്ബി സംയുക്‌ത യോഗം ചേർന്ന് വൈദ്യുതി ലൈൻ ഒഴിവാക്കി, അണ്ടർ കേബിൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 2023 ജൂൺ 2ന് ഭൂഗർഭ കേബിൾ പ്രവൃത്തി പൂർത്തിയായി. കെഎസ്ഇബി സ്‌ഥാപിച്ച തൂണുകൾ മാറ്റാൻ സമർപ്പിച്ച എസ്‌റ്റിമേറ്റ് ഫണ്ട് അനുവദിക്കാൻ കിഫ്ബിയുടെ പരിഗണനയിലാണെന്ന് 2024 സെപ്റ്റംബർ 7ന് കെആർഎഫ്ബി രേഖാമൂലം അറിയിച്ചിട്ടുണ്ട്.