സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് വിതരണത്തിലെ കാലതാമസം ഒഴിവായതായി റിപ്പോർട്ട്. പ്രിന്റിംഗ് കമ്പനിക്ക് കൊടുക്കാനുള്ള കുടിശ്ശിക തീര്‍ന്നതായി റിപ്പോർട്ട്. ഒരോ ദിവസത്തെയും ഡ്രൈവിങ് ലൈസന്‍സുകള്‍ തൊട്ടടുത്ത ദിവസം തന്നെ അച്ചടിച്ച് വിതരണം ചെയ്യുന്ന വിധത്തില്‍ കുടിശ്ശിക ഒഴിവായതായാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും വ്യക്തമാകുന്നത്
അതേസമയം, നാലരലക്ഷം വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനിയും വിതരണം ചെയ്യാനുണ്ട്. പെറ്റ് ജി കാര്‍ഡ് (ആര്‍.സി.) തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിന് അച്ചടിക്കൂലി കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ് നിര്‍ത്തി വയ്ക്കുന്ന സാഹചര്യം ഉണ്ടായത്.
14.62 കോടി രൂപ കുടിശ്ശിക വന്നതോടെ, മുന്നറിയിപ്പില്ലാതെ പ്രിന്റിങ് നിര്‍ത്തി വച്ചിരുന്നു. ഇതോടെ കരാര്‍ കമ്പനിയെ ഒഴിവാക്കി ലൈസന്‍സും ആര്‍.സി.യും നേരിട്ട് അച്ചടിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കരാര്‍ റദ്ദാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുമില്ല. മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതും നടപ്പായിട്ടില്ല.