കൊയിലാണ്ടിയിലെ ഏറ്റവും പ്രാചീന തെരുവായ മാരാമുറ്റം തെരു റോഡ് നവീകരിക്കുന്നു.റോഡരികിലെ തണല്‍ വൃക്ഷങ്ങള്‍ തറകെട്ടി സംരക്ഷിച്ചും, റോഡിന്റെ ഇരുവശവും ടൈലുകള്‍ പാകിയും, ഇരിപ്പിടങ്ങള്‍ ഒരുക്കിയും, വഴിവിളക്കുകള്‍ സ്ഥാപിച്ചുമാണ് നവീകരണം.നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നവംബര്‍ രണ്ടിന് നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് രാവിലെ 10 മണിക്ക് നിര്‍വഹിക്കും.പൈതൃക റോഡിന്റെ പ്രൗഢിയും പെരുമയും നിലനിര്‍ത്തി കൊണ്ടാണ് നവീകരണം. സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും, കൊയിലാണ്ടിയുടെ കഥാകാരന്‍ യു.എ.ഖാദറിന്റെ കഥകളിലും പലതവണ ഇടം നേടിയ മാരാമുറ്റം തെരു റോഡ് നവീകരണം കൊയിലാണ്ടിക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. പഴയകാല ചന്ത പുനരാരംഭിച്ചു തെരുവിന്റെ ചരിത്ര സ്മരണ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തെ നടന്നിരുന്നെങ്കിലും ലക്ഷ്യം കാണാതെ പോകുകയാണുണ്ടായത്.മുന്‍സിപാലിറ്റി ഫണ്ടിനോടൊപ്പം സന്നദ്ധരായവരുടെ സ്‌പോണ്‍സര്‍ഷിപ്പും ചേര്‍ത്താണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുക. മിഡ് ടൗണ്‍ റസിഡന്‍സ് അസോസിയേഷനും ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിരുന്നു. നവീകരണ പ്രവർത്തി ഉദ്ഘാടന യോഗത്തിൽ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിക്കും.