കേരളം സന്ദര്‍ശിക്കാന്‍ വിരളമായി എത്തുന്ന ദേശാടനപ്പക്ഷിയാണ് ഞണ്ടുണ്ണി (ക്രാബ് പ്ലോവര്‍). കാപ്പാട് തീരത്തെത്തിയ ഞണ്ടുണ്ണിയെ കാണാനും ഫോട്ടോ പകര്‍ത്താനും ജില്ലയ്ക്കു അകത്തും പുറത്തുനിന്നുമായി ഒട്ടേറെ പക്ഷിനിരീക്ഷകരാണ് എത്തുന്നത്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് മേഖലകളില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ വിദേശത്തു നിന്നോ ആകാം പക്ഷി കേരളത്തില്‍ എത്തിയതെന്ന് പക്ഷി ഗവേഷകനായ ഡോ:അബ്ദുള്ള പാലേരി പറഞ്ഞു.
ഏഴു വര്‍ഷത്തിന് ശേഷമാണ് ഞണ്ടുണ്ണി ഇപ്പോള്‍ കാപ്പാട് എത്തിയത്. ഞണ്ടുണ്ണിയുടെ ഇഷ്ടഭക്ഷണമായ ഞണ്ടുകള്‍ കാപ്പാട് തീരത്തു സുലഭമാണ്.അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (ഐ.യു.സി.എന്‍) വംശനാശം നേരിടുന്ന പക്ഷിയായി പ്രഖ്യാപിച്ച വലിയ നോട്ട് (ഗ്രെയിറ്റ് നോട്ട്) എന്ന ദേശാടകനും കാപ്പാട് എത്തിയിട്ടുണ്ട്.
റഷ്യയില്‍ നിന്നോ സൈബീരിയയില്‍ നിന്നോ ആകാം ഈ പക്ഷി കേരളം സന്ദര്‍ശിക്കാന്‍ എത്തുന്നതെന്ന് അബ്ദുള്ള പറഞ്ഞു. വലിയ നോട്ട് സ്ഥിരമായി കേരളത്തില്‍ എത്തുന്ന ദേശാടകനല്ല.