കൊയിലാണ്ടി: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിലെ കണയങ്കോട് പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടി ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. പലപ്പോഴും പ്രദേശവാസികളും മത്സ്യ തൊഴിലാളികളുമാണ് ഇവിടെ രക്ഷകരാവുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒട്ടെറെ പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. എന്നാലും നാട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് പലരും ആത്മഹത്യയ്ക്ക് മുതിരുന്നത്. അടുത്തടുത്തായി ഒട്ടെറെ പേര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ചയും ഉണ്ണികുളം സ്വദേശിയായ ഇരുപതുകാരന്‍ പുഴയില്‍ ചാടി മരിച്ചു. രണ്ട് മാസം മുമ്പ് പാലത്തില്‍ നിന്ന് ചാടിയ പേരാമ്പ്ര നൊച്ചാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം പിറ്റേന്ന് ഉളളൂര്‍ക്കടവ് ഭാഗത്ത് പാലം പണി നടക്കുന്നിടത്താണ് കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് പുഴയിലേക്ക് ചാടിയ യുവതിയെ സ്വകാര്യ ബസ്സ് ജീവനക്കാരാണ് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. യുവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്നത് അത് വഴി വന്ന ബസ്സിലെ ജീവനക്കാര്‍ കാണുകയായിരുന്നു. ഒന്നും ആലോചിക്കാതെ ബസ്സ് ജീവനക്കാരന്‍ പുഴയിലേക്ക് ചാടി ഇവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. കാക്കൂര്‍ സ്വദേശിയായ ഒരു വയോധികന്‍ പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചപ്പോള്‍ ഓടിയെത്തി രക്ഷകരായത് നാട്ടുകാരാണ്.
ചെറുവണ്ണൂര്‍-വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗുളികപ്പുഴ പാലത്തില്‍ ആത്മഹത്യകള്‍ സ്ഥിരമായതോടെ സംരക്ഷണ വേലി സ്ഥാപിക്കുകയായിരുന്നു. ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നാണ് മല്‍സ്യ തൊഴിലാളിയും രക്ഷാ പ്രവര്‍ത്തകനുമായ കണയങ്കോട് ടി.കെ.സുബൈര്‍ ആവശ്യപ്പെടുന്നത്.
കണയങ്കോട് പാലത്തിലും സമീപ സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ കൗൺസിലറും പ്രദേശവാസിയുമായ വി. എം സിറാജ് ആവശ്യപ്പെടുന്നത്. അതേ പോലെ കണയങ്കോട് പാലത്തിന്റെ കൈവരികള്‍ക്ക് തീരെ പൊക്കമില്ല. ആര്‍ച്ചു രൂപത്തിലുളള പാലത്തില്‍,ആര്‍ച്ചുകളും യോജിക്കുന്നിടത്ത് തീരെ കൈവരിയുമില്ല. ഈ പ്രശ്‌നത്തിന് പരിഹാരമായി കൈവരിയുളള സ്ഥലത്ത് ഒരാള്‍ പൊക്കത്തിലെങ്കിലും സ്റ്റീല്‍ വല സ്ഥാപിക്കണം. കൈവരിയിലൂടെ പുഴയിലേക്ക് ചാടാന്‍ കഴിയാത്ത വിധമായിരിക്കണം സ്റ്റീല്‍ വല സ്ഥാപിക്കേണ്ടത്.
കണയങ്കോട് ഭാഗത്ത് മീന്‍ പിടുത്ത തൊഴിലാളികള്‍ക്കും, സമീപ വാസികള്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ പരിശീലനം നല്‍കണം. ലൈഫ് ബോട്ട്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്,പാതാള കരണ്ടി എന്നിവ പ്രദേശത്ത് സജ്ജമാക്കി വെക്കണം. രക്ഷപ്പെടുന്നവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ട ജീവന്‍ രക്ഷാ പരിശീലനവും രക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കണം. ഫയര്‍ഫോഴ്‌സോ പോലീസോ സ്ഥലത്ത് വിവരമറിഞ്ഞെത്തുമ്പോഴേക്കും വിലപ്പെട്ട ജീവന്‍ നഷ്ട്ടമായേക്കും. ഇതിന് പരിഹാരം പ്രദേശവാസികള്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുകയാണ്. നിസ്സാര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പലരും ജീവിതം അവസാനിപ്പിക്കാന്‍ എത്തുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ മാനസികാരോഗ്യം ഉണ്ടാക്കാന്‍ യുവതി യുവാക്കളിലും വിദ്യാര്‍ത്ഥികളിലും കൗണ്‍സിലിംങ്ങ് നിര്‍ബന്ധമാണെന്ന് മുൻ ഫയർ ഓഫീസർ സി.പി.ആനന്ദന് പ്രതികരിച്ചു.