കിഴക്കൻ ലഡാക്കിലെ ദെംചോക്ക്, ഡെപ്‌സാങ് മേഖലകളിൽ നിന്നുള്ള സൈനികപിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ ദീപാവലി മധുരം പരസ്പരം കൈമാറി ഇന്ത്യയും ചൈനയും. മേഖലയിൽ പട്രോളിംഗ് പുനരാരംഭിച്ച പട്ടാളക്കാർ മധുരപലഹാരങ്ങൾ കൈമാറുകയായിരുന്നു.ഇന്ത്യചൈന ബന്ധം പുതിയ സ്റ്റാർട്ടിങ് പോയിന്റിലാണെന്നു ചൈന അഭിപ്രായപ്പെട്ടതിനു പിന്നാലെയാണു നീക്കം.ദീപാവലിയോടനുബന്ധിച്ച് എൽഎസിയിലെ പല അതിർത്തി പോയിന്റുകളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ മധുരപലഹാരങ്ങൾ കൈമാറ്റം നടന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.
അതേസമയം പതിവ് തെറ്റിക്കാതെ ഇത്തവണത്തെയും ദീപാവലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്കൊപ്പം നടത്തി. ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലലക്കി നാലയിൽ ബിഎസ്എഫ്, കര, നാവിക, വ്യോമ സേനയിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ അതിർത്തിയിലെ ബിഎസ്എഫ് ഔട്ട്പോസ്റ്റ് സന്ദർശിച്ച് സൈനികരുമായി ആശയവിനിമയം നടത്തുകയും ദീപാവലി ആശംസകൾ പങ്കുവെക്കുകയും ചെയ്തു. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.