വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണയായി. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. . ഇവർക്ക് പ്രത്യേക പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാനാണ് തീരുമാനം.
ഇടത്താവളങ്ങളിലുള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയാണ് നേരത്തെ സ്‌പോട്ട് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലീസിന്റെ നിര്‍ദേശം.
തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്‍കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്. ഇവർക്ക് ഫോട്ടോയും ആധാറും നിര്‍ബന്ധമാക്കാനും തീരുമാനമായി. അതേസമയം ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്‌പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.



