സംസ്ഥാനത്ത് പത്ത് മാസത്തിനിടെ നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പ്

സംസ്ഥാനത്ത് പത്ത് മാസത്തിനിടെ നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പ്. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ ഇരയായതായി കേരളപൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. സംസ്ഥാനത്ത് ഈ വര്‍ഷം ആകെ ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നതില്‍ 32,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു.

നിക്ഷേപം അഭ്യര്‍ത്ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്.

Leave a Reply

Your email address will not be published.