കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൻ്റെ ദിവ്യ മത്രമല്ല, വേറെയും ആളുകളുണ്ട്, നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ അനിൽ പി നായർ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം കണ്ണൂർ ജില്ലയ്ക്ക് പുറത്തുനടത്താൻ സഹോദരൻ പ്രവീൺ ബാബു ആവശ്യപ്പട്ടിരുന്നുവെന്നും എന്നാൽ കളക്ടർ അത് ചെവികൊണ്ടില്ലെന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയെന്ന് കളക്ടർ അറിയിച്ചതോടെ തങ്ങൾക്ക് സംശയമായെന്നും അനിൽ പി നായർ പറഞ്ഞു.
ആരോപണ വിധേയരായ രണ്ട് പേർ പരിയാരം മെഡിക്കൽ കോളേജിൽ ഉള്ളതിനാൽ പോസ്റ്റ്മോർട്ടം അവിടെ നടത്തരുത് എന്നായിരുന്നു പ്രവീൺ ബാബുവിന്റെ ആഗ്രഹം. എന്നാൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും പോസ്റ്റ്മോർട്ടം നടപടിയിൽ അട്ടിമറിയോ പാകപ്പിഴയോ ഉണ്ടാകില്ലെന്ന് കളക്ടർ പ്രവീൺ ബാബുവിന് ഉറപ്പ് നൽകിയിരുന്നതായും അനിൽ പറഞ്ഞു. കണ്ണൂരിലേക്കുളള യാത്രയ്ക്കിടെ എവിടെയെത്തി എന്ന് അധികൃതർ വിളിച്ച് ചോദിച്ചുകൊണ്ടേയിരുന്നെന്നും ബന്ധുക്കൾ കണ്ണൂരിൽ എത്തിച്ചേരുന്നത് വരെ കാത്തിരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.
‘നവീൻ ബാബുവിൻ്റെ രണ്ട് ഫോണുകൾ പൊലീസിൻ്റെ കൈവശമുണ്ട്. ക്വാർട്ടേഴ്സിൽ നിന്ന് 14000 രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. റെയിൽവേ സ്റ്റേഷനും ക്വാർട്ടേഴ്സും അല്ലാതെ സംഭവ ദിവസം മറ്റൊരിടത്ത് കൂടി നവീൻ ബാബു പോയിട്ടുണ്ട്. ടവർ ലൊക്കേഷൻ പരിശോധനയിൽ നിന്ന് ഇത് വ്യക്തമായതാണ്. ആ ടവർ ലൊക്കേഷൻ അവിടെ എങ്ങനെ വന്നു എന്ന് പൊലീസ് കണ്ടെത്തണം’; അനിൽ ആവശ്യപ്പെട്ടു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ കുടുംബത്തിന് ലഭിച്ചില്ലെന്നും ആത്മഹത്യ എന്നത് പറഞ്ഞുകേട്ടത് മാത്രമാണെന്നും അനിൽ പ്രതികരിക്കുന്നുണ്ട്. ‘ഇപ്പോൾ ഇതൊരു കൊലപാതകമാകാമെന്ന സംശയവും തങ്ങൾക്കുണ്ട്. ഇനി അഥവാ ആത്മഹത്യയായാലും കൊലപാതകമായാലും പി.പി ദിവ്യയ്ക്കും കൂട്ടാളികൾക്കും പങ്കുണ്ട്. മരിക്കാൻ ആഗ്രഹിച്ച ആളായിരുന്നില്ല നവീൻ ബാബു. യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യ വന്നപ്പോൾ പുഞ്ചിരിയോടെയാണ് നവീൻ ബാബു സ്വീകരിച്ചത്. ഇതിന് തെളിവായി ദൃശ്യമുണ്ട്. തെറ്റ് ചെയ്ത ആളാണെങ്കിൽ നവീൻ ബാബു ആ സമയം പുഞ്ചിരിക്കില്ല, ഭാവ മാറ്റം മുഖത്ത് വരേണ്ടതായിരുന്നു. നവീൻ നിഷ്കളങ്കമായാണ് വേദിയിൽ ചിരിച്ചത്. പി പി ദിവ്യ പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് നവീൻ ബാബുവിൻ്റെ മുഖം മങ്ങിയത്’. അനിൽ പറയുന്നു. പി പി ദിവ്യ അല്ലാതെ ഒന്നിലധികം ആളുകളുടെ പങ്കാളിത്തം നവീൻ ബാബുവിനെ അപമാനിച്ചതിൽ ഉണ്ടായിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കേണ്ടത് എന്നും അനിൽ ആവശ്യപ്പെട്ടു.