ചുണ്ടേൽ ആനപ്പാറയിലെ തള്ളക്കടുവയെയും മൂന്ന് കടുവകളെയും പിടികൂടാൻ മൈസൂരുവിൽ നിന്ന് വലിയ കൂട് എത്തിച്ചു. അനുമതി ലഭിച്ചാൽ ഇന്നുതന്നെ കൂട് സ്ഥാപിക്കാനാണ് നീക്കം. സാധാരണ കൂടുവെച്ചാൽ തള്ളക്കടുവയോ കുട്ടികളോ ഏതെങ്കിലും ഒന്നുമാത്രമോ കുടുങ്ങിയാൽ മറ്റ് കടുവകളുടെ പ്രതികരണം അക്രമാസക്തമാക്കാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയാണ് വലിയ കൂട് എത്തിക്കാൻ തീരുമാനിച്ചത്.
സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ, വയനാട് വന്യജീവി സങ്കേതത്തിലെ അസി. ഫോറസ്റ്റ് ഓഫിസർ അജേഷ് മോഹൻദാസ്, കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു, വൈത്തിരി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് മൈസൂരുവിലെത്തി കൂട് സന്ദർശിച്ചത്.