കൂട്ടാലിട : എഴുത്തുകാരൻ ടി. പി. രാജീവൻ കേരളത്തിലെ സാംസ്ക്കാരിക – സാമൂഹിക-സാഹിത്യ രംഗത്തെ വേറിട്ട ശബ്ദമായിരുന്നെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ടി. പി. രാജീവൻ്റെ രണ്ടാം ചരമ വാർഷികത്തിൻ്റെ ഭാഗമായി കോട്ടൂർ നവജീവൻ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി കൂട്ടാലിടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും ഇത്രയും ഭംഗിയായി രചനകൾ നടത്തുന്ന രാജീവനെ പോലുള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ രചനകളെല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തലുകളാണ്. നാടിൻ്റെ ഇപ്പോളത്തെ അവസ്ഥയിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. എഴുത്തുകാരുടെ കർത്തവ്യം സത്യം പറയുക എന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാജീവൻ്റെ രചനകൾ മിക്കത്തും ഭാരതത്തേയും കേരളത്തേയും രാഷ്ട്രീയത്തേയുമെല്ലാം മനസിലാക്കിയുള്ളതായിരുന്നു. സാഹിത്യത്തെ ബിസിനസാക്കി മാറ്റരുതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. 20 വർഷത്തോളം ഞാനും രാജീവനും ഇ.മെയിൽ വഴിയായിരുന്നു സൗഹൃദമുണ്ടായിരുന്നത്. പിന്നീട് കേരളത്തിൽ മത്സരിക്കാൻ വന്നപ്പോളാണ് താൻ രാജീവനെ നേരിൽ കാണുന്നതെന്നും തരൂർ ഓർമിച്ചു. രാജീവൻ്റെ എഴുത്തുകൾ ഇനിയും വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ് അദ്ദേഹത്തിൻ്റെ അകാല വിയോഗം. ഇത് ഇന്ത്യയുടെ സാഹിത്യ രംഗത്തിന് വലിയ നഷ്ടമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. കേവല സങ്കല്പം മാത്രമായിരുന്ന മലയാള നോവലിനെ ചരിത്രത്തിൻ്റെ പിൻബലത്തോടെ അവതരിപ്പിച്ചത് ടി. പി. രാജീവനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. രാജീവൻ്റെ എല്ലാ രചനകളും സമൂലമായതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കഴിഞ്ഞ മൂന്ന് ദശകത്തിലുള്ള മലയാള കവിതകളിൽ ഏറ്റവും നല്ലത് രാജീവൻ്റേതായിരുന്നുവെന്നും കല്പറ്റ അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, എഴുത്തുകാൻ ശ്യം സുധാകർ , എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് നന്ദി പറഞ്ഞു.