പുരപ്പുറ സൗരോർജ പദ്ധതിയായ പിഎം സൂര്യ ഘർ യോജനയിൽ സബ്സിഡി ഇനത്തിൽ കെഎസ്‌ഇബി 216.23 കോടി രൂപ വിതരണം ചെയ്‌തു. ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകിയ കേരളം രാജ്യത്ത് മൂന്നാമതെത്തി. ഗുജറാത്തും മഹാരാഷ്ട്രയുമാണ് മുന്നിൽ. ബുധൻ വരെയുള്ള കണക്കനുസരിച്ച് 27,862പേർക്കാണ് സബ്‌സിഡി നൽകിയത്.
ഫെബ്രുവരി 13നു പദ്ധതി പ്രഖ്യാപിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് സബ്‌സിഡി ലഭ്യമാക്കിയ നേട്ടം കെഎസ്‌ഇബിക്ക് സ്വന്തമായി. ഒരു കിലോവാട്ട് ശേഷിയുള്ള സൗരോർജ യൂണിറ്റിന് 30,000 രൂപയും രണ്ട് കിലോവാട്ട് ശേഷിയുള്ളവയ്ക്ക് 60,000, മൂന്നു കിലോവാട്ടിനും അതിനു മുകളിൽ ശേഷിയുള്ളവയ്ക്ക് 78000 രൂപയുമാണ് സബ്‌സിഡി. മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ സംവിധാനം വഴി കുടുംബങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. വൈദ്യുതി ചാർജിനത്തിൽ ശരാശരി 15,000 മുതൽ 20,0000 രൂപ വരെ പ്രതിവർഷം ലാഭിക്കാം. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വിൽക്കാം.