ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു. മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമല്ലാത്ത 6.65 ലക്ഷം ടിൻ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തികളാണ് ആരംഭിച്ചത്. ഇന്ത്യൻ സെന്‍ട്രിഫ്യൂജ് എഞ്ചിനീയറിങ് സൊല്യൂഷൻസ് എന്ന കമ്പനി 1.15 കോടി രൂപയ്ക്കാണ് ഈ അരവണ നീക്കം ചെയ്യാനുളള കരാർ ഏറ്റെടുത്ത് അതിനായുള്ള പ്രവർത്തികൾ ആരംഭിച്ചത്.
2021-2022 കാലയളവിലാണ് അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലക്കായിൽ കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തുകയും ഇതിൻ്റെ വിൽപ്പന ഹൈക്കോടതി തടയുകയും ചെയ്‌തത്. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം, കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തിയ ഏലക്കാ ഉപയോഗിച്ച് നിർമ്മിച്ച 6.65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തിന് സമീപമുള്ള ഗോഡൗണിലെക്ക് മാറ്റി. പിന്നീട് ഉപയോഗയോഗ്യമല്ലാത്ത ഈ അരവണ വനത്തിൽ മറവ് ചെയ്യാൻ ദേവസ്വം ബോർഡ് ശ്രമിച്ചെങ്കിലും വനം വകുപ്പ് അനുവദിച്ചില്ല. ട്രാക്‌ടർ ഉപയോഗിച്ച് അരവണ പമ്പയിലെത്തിക്കും. അരവണ പൂർണ്ണമായും നീക്കം ചെയ്യാൻ ഒരാഴ്‌ചയോളം വേണ്ടിവരും. ഉപയോഗയോഗ്യമല്ലാത്ത ഈ അരവണ ഹൈദ്രാബാദിലെത്തിച്ച് വളമാക്കാനാണ് പരിപാടി.