നാലു മാസം നീണ്ടു നിൽക്കുന്ന സംസ്ഥാനത്തെ ഇരുപത്തി ഒന്നാമത് കന്നുകാലി സെൻസസിന് ഇന്നു മുതൽ (ഒക്ടോബർ 25) തുടക്കമായി. ഇന്നു മുതൽ കന്നുകാലികളുടെ വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീയുടെ ‘പശു സഖിമാർ’ വീടുകളിലെത്തും. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ പ്രവർത്തിക്കുന്ന 3155 പശു സഖിമാരാണ് എന്യൂമറേറ്റർമാർ.
മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം നടത്തുക. വളർത്തു മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ 16 ഇനം ലൈവ്സ്റ്റോക്കുകളുടെ വിവരങ്ങൾ ശേഖരിക്കും. മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനും നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം. കന്നുകാലികൾ പക്ഷികൾ, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയുടെ പ്രായം ലിംഗം എന്നീ വിവരങ്ങളും മൃഗ കർഷകർ, വനിതാ സംരംഭകർ, ഈ മേഖലയിലുള്ള ഗാർഹിക ഗാർഹികേതര സംരംഭങ്ങളുടെ എണ്ണം എന്നിവയുടെ കണക്കുകളും ശേഖരിക്കും. അറവു ശാലകൾ, മാംസ സംസ്കരണ ശാലകൾ , ഗോശാലകൾ എന്നിവയുടെയും വിവരങ്ങൾ ശേഖരിക്കും.