കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന്റെ ആദ്യ യാത്ര മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. കെ.എസ്ആർ.ടി.സി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിൽ വിമാനത്തിൽ കാണിക്കുന്നതുപോലെ ബസിന്റെ സൗകര്യങ്ങളും സീറ്റ് ബെൽറ്റ് ഉൾപ്പെടെ ധരിക്കേണ്ട രീതികളും അടങ്ങിയ ഒരു വീഡിയോ തയ്യാറാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ബസ് ഓടിതുടങ്ങുമ്പോൾ തന്നെ വലിയ കളക്ഷനുകളാണ് ലഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
തമ്പാനൂരിൽ കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന്റെ ആദ്യ യാത്ര ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ യാത്രയുടെ ഭാഗമായി കൊട്ടാരക്കര വരെ മന്ത്രിയും ബസിൽ യാത്ര ചെയ്യുന്നുണ്ട്. ആദ്യ യാത്രയിൽ ബസിലെ സൗകര്യങ്ങളും പ്രശ്നങ്ങളും താൻ പരിശോധിക്കുമെന്നും ക്ലീനിങ്ങും കാര്യങ്ങളും കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.